നിലമ്പൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന പ്രവൃത്തികൾ ഇന്ന് സമാപിക്കും. നിലമ്പൂർ നിയോജക മണ്ഡലത്തിലെ 199ഉം വണ്ടൂരിലെ 203ഉം പോളിംഗ് സ്‌റ്റേഷനുകളിലേക്കുമുള്ള ബാലറ്റുകൾ ഓരോ സ്ഥാനാർത്ഥികളുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിലമ്പൂർ ഗവ.മാനവേദൻ എച്ച്.എസ്.എസിലാണ് സജ്ജമാക്കുന്നത്. നോട്ട അടക്കം 21 സ്ഥാനാർത്ഥികളുള്ളതിനാൽ രണ്ടു വീതം ബാലറ്റ് യൂണിറ്റുകളാണ് ഓരോ ബൂത്തിലേക്കുമായി തയ്യാറാക്കേണ്ടത്. ഇലക്‌ഷൻ കമ്മിഷൻ എൻജിനീയർമാരുടെ നേതൃത്വത്തിൽ വി വി പാറ്റ് മെഷീൻ പ്രവർത്തനവും സജ്ജമാക്കും. ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ ബൂത്തുകളിലേക്കുള്ള യൂണിറ്റുകൾ തീരുമാനിച്ച് ഇവ സ്‌ട്രോംഗ് റൂമിലേക്കു തിരിച്ചുവയ്ക്കും. 22ന് അതാതു പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇവ കൈമാറി ബൂത്തുകളിലേക്ക് കൊണ്ടുപോകുമെന്ന് നിലമ്പൂർ മണ്ഡലം ഉപവരണാധികാരി നോർത്ത് ഡി.എഫ്.ഒ വർക്കഡ് യോഗേഷ് നീൽകണ്ഡ്, വണ്ടൂർ മണ്ഡലം ഉപവരണാധികാരി സൗത്ത് ഡി.എഫ്.ഒ വി.സജികുമാർ എന്നിവർ പറഞ്ഞു.