പൊന്നാനി: രാഷ്ട്രീയം പറയാനാകാതെ നിശബ്ദമാകേണ്ടി വന്നത് ജീവിതത്തിലെ ഇരുണ്ട രാഷ്ട്രീയ അവസ്ഥയാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.രാഷ്ട്രീയത്തിലൂടെ കടന്നുപോയ ഒരാൾ പിന്നീടത് ഉപേക്ഷിച്ചാൽ, രാഷ്ട്രീയം ചൂടുപിടിക്കുന്നതിനനുസരിച്ച് സ്വയം ചൂടുപിടിക്കുമെന്ന് കമല സുരയ്യ പറഞ്ഞിട്ടുണ്ട്. അത്തരമൊരു അവസ്ഥയ്ക്കൊപ്പമാണ് താനുള്ളതെന്ന് ശ്രീരാമകൃഷ്ണൻ പറയുന്നു. സ്പീക്കറായതിനാൽ പ്രചാരണരംഗത്തുനിന്നും പാടെ മാറി നിൽക്കുകയാണ് അദ്ദേഹം.
സ്പീക്കർ പദവി താങ്കളിലെ രാഷ്ട്രീയക്കാരനെ ബന്ധനസ്ഥനാക്കിയോ ?
പന്ത്രണ്ട് വയസ് തൊട്ട് രാഷ്ട്രീയത്തിന്റെ ചലനാത്മകതയിലൂടെ ജീവിച്ചു വന്നതാണ്. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രംഗത്തും പങ്കെടുക്കാനാവാത്തത് ഇരുണ്ട അവസ്ഥ തന്നെയാണ്. ഇതൊരു അനുഭവമാണ്. ജയിലിൽ പോകുന്ന പോലെ, യാത്ര ചെയ്യുന്ന പോലെ, സമരങ്ങളിൽ പങ്കെടുക്കുന്നത് പോലെ ഒന്ന്. ഒരു പക്ഷെ, പാർട്ടി എനിക്കു നൽകിയ അനുഭവമാണിത്.ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായും അഖിലേന്ത്യ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടും രണ്ടുതരം അനുഭവങ്ങളായിരുന്നു. രാഷ്ട്രീയം വ്യത്യസ്തമായ അനുഭവങ്ങളുടേത് കൂടിയാണ്.
രാജ്യം നിർണ്ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ താങ്കളെ പോലൊരാൾ കാമ്പയിനിൽ നിശബ്ദനായി മാറിയത് ഇടതുപക്ഷത്തിന് വലിയ നഷ്ടമല്ലേ?
ഒരിക്കലുമല്ല.പ്രസ്ഥാനത്തിന് ആരും അനിവാര്യനല്ല. ഞാനില്ലെങ്കിൽ പ്രസ്ഥാനത്തിന് എന്തെങ്കിലും സംഭവിക്കുമെന്നത് വിഢ്ഢിയുടെ വിചാരമാണ്. പ്രസ്ഥാനം ഒരു പുഴ പോലെയാണ്.
സ്പീക്കർ പദവിയെന്നത് ചുറ്റുപാടുകളോട് കണ്ണടച്ച്, കാഴ്ച്ചക്കാരനായി ഇരിക്കേണ്ട ഒന്നാണെന്നത് തിരുത്തേണ്ടതല്ലേ ?
അതെ. ഭരണഘടനയുടേയും സ്ഥാപനത്തിന്റെയും സംശുദ്ധിക്ക് കേടുവരാത്ത നിലയിൽ സമൂഹത്തിൽ ഉയർന്നു വരുന്ന പ്രശ്‌നങ്ങളോട് അഭിപ്രായം പറയുന്നവരാകണം സ്പീക്കർമാർ. കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. നവോത്ഥാനം, ജാതീയത, ശബരിമല വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭ സ്പീക്കർക്ക് നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയാനാകാത്തത് ഭരണഘടന വിലക്കിന്റെ ഭാഗമാണോ ?
അല്ല. സ്പീക്കർ രാഷ്ട്രീയം പറയാൻ പാടില്ലെന്ന് ഭരണഘടനയിലില്ല. നിയമസഭയിൽ നിഷ്‌പക്ഷമായ റോൾ എടുക്കേണ്ടയാൾ നിയമസഭയിൽ വരാനിടയുള്ള വിഷയങ്ങളിൽ പരസ്യമായ നിലപാടെടുക്കുന്നത് അനൗചിത്യമുണ്ടാക്കും. നിയമസഭയിൽ ചർച്ച ചെയ്യുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലെ രണ്ടഭിപ്രയങ്ങൾ കേൾക്കുകയും സംവാദത്തിന് അവസരമൊരുക്കുകയയും ചെയ്യേണ്ട സ്പീക്കർ ഈ വിഷയത്തിൽ ഇടപെട്ട് പൊതുയോഗത്തിൽ പ്രസംഗം നടത്തി നിയമസഭയിലെത്തിയാലുണ്ടാകുന്ന പ്രയാസങ്ങളാണ് സ്പീക്കറെ രാഷ്ട്രീയ പൊതുവേദികളിൽ നിന്ന് മാറ്റി നിറുത്തുന്നത്.
തീർത്തും നിഷ്‌പക്ഷമാകേണ്ട ഭരണഘടന സ്ഥാപനങ്ങൾ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നുവെന്ന ആക്ഷേപത്തിനൊപ്പമാണ് രാജ്യമുള്ളത്. ഇത് മറികടക്കാൻ പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാമാണ്?
ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്. ജനാധിപത്യമെന്നത് വോട്ടവകാശം മാത്രമല്ല. സമത്വവും നീതിയും ജനാധിപത്യത്തിൽ സാദ്ധ്യമാകണം.രാജ്യത്തെ നൂറിൽ പരം കോർപ്പറേറ്റ് കുത്തകകൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് ജനാധിപത്യം മാറ്റപ്പെട്ടിട്ടുണ്ട്. പണത്തിന്റെ വലിയ ഒഴുക്ക് തിരഞ്ഞെടുപ്പുകളിൽ പ്രകടമാണ്. തിരഞ്ഞെടുപ്പിന്റെ മൗലികത ചോദ്യം ചെയ്യപ്പെടുന്നു.തിരഞ്ഞെടുപ്പിന്റെ രീതികൾ മാറേണ്ടതുണ്ട്. ഇലക്ടറൽ റിഫോർമേഷനിലേക്ക് ഇന്ത്യ പോകണം. ആനുപാതിക പ്രാതിനിധ്യത്തിലേക്ക് ജനാധിപത്യം മാറണം. തിരഞ്ഞെടുപ്പിൽ 10 ശതമാനം വോട്ടു കിട്ടിയവരുടെ പ്രാതിനിധ്യം നിയമനിർമ്മാണ സഭകളിൽ എത്താറില്ല. ശ്രീലങ്കൻ മാതൃക ഇക്കാര്യത്തിൽ ആലോചിക്കാവുന്നതാണ്.