മലപ്പുറം: കോൺഗ്രസല്ല ബി.ജെ.പിയാണ് ഒന്നാം നമ്പർ ശത്രുവെന്ന് സി.പി.ഐ ദേശീയ കമ്മിറ്റിയംഗം ബിനോയ് വിശ്വം എം.പി. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടതാണ് ശത്രുവെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. ഈ രാഷ്ട്രീയക്കളിക്ക് കോൺഗ്രസ് പശ്ചാത്തപിക്കേണ്ടിവരും. ഇടതിനെതിരെയുള്ള രാഹുലിന്റെ മത്സരം രാഷ്ട്രീയ അധഃപതനമാണ്. കോൺഗ്രസ് നേതാക്കൾ അന്ധമായ ഇടതുവിരോധം കൊണ്ടുനടക്കുകയാണ്. നെഹ്റു ഉണ്ടായിരുന്നെങ്കിൽ ഇവരുടെ കരണക്കുറ്റിക്ക് അടിക്കുമായിരുന്നു. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ എല്ലാ മതേതര പാർട്ടികളുമായും ഇടതുപക്ഷം കൈകോർക്കും. ആർ.എസ്.എസിനെതിരെ കരിമ്പാറ കണക്കെ ഇടതു എം.പിമാർ നിലകൊള്ളുമെങ്കിൽ , കോൺഗ്രസിന് ഈ ഉറപ്പില്ല. തൂക്കുസഭ വന്നാൽ പല കോൺഗ്രസ് എം.പിമാരും മറുകണ്ടം ചാടും. ന്യായ് പദ്ധതിക്കുള്ള പണം അനിൽ അംബാനിയെ പോലുള്ള അതിസമ്പന്നരിൽ നിന്ന് ഈടാക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം വിശ്വസനീയമല്ല. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നവരാണ് കോൺഗ്രസുകാർ. മോദിയുടെ ചങ്ങാത്ത മുതലാളിമാർ രാഹുലിന്റേതുമാണ്. നികുതി വർദ്ധിപ്പിക്കാതെ പദ്ധതി നടപ്പാക്കാനാവില്ല. ഫണ്ടിനുള്ള വഴി കാണാത്തിടത്തോളം വെള്ളത്തിൽ വരച്ച വരയാവും ന്യായ് പദ്ധതി. വോട്ടുകാലം വരുമ്പോൾ മാത്രമാണ് കോൺഗ്രസിനും ബി.ജെ.പിക്കും പാവങ്ങളെ ഓർമ്മ വരുന്നത്. കർഷകന്റെ നട്ടെല്ലൊടിച്ച ആസിയാൻ കരാറിൽ നിന്ന് പിന്മാറുമോയെന്ന് രാഹുൽ വ്യക്തമാക്കണം. വടകര, ബേപ്പൂർ മോഡലിൽ വയനാട്ടിൽ കോ-ലീ-ബി സഖ്യമുണ്ട്. ബി.ജെ.പി സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താതിരുന്നതും ഇതിനാലാണ്. വയനാട്ടിൽ ജനങ്ങളുടെ സർവേയിൽ എൽ.ഡി.എഫിനാണ് മുൻതൂക്കം. രാഹുൽ തോറ്റാൽ പോലും അത്ഭുതപ്പെടേണ്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.