fff
മൂസ

മഞ്ചേരി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച 40 പാക്കറ്റ് കഞ്ചാവുമായി രണ്ടുപേർ മഞ്ചേരി പൊലീസിന്റെ പിടിയിലായി. എളങ്കൂർ മഞ്ഞപ്പറ്റ വാൽതൊടി സുമീർ(30), കാരക്കുന്ന് സ്വദേശി പള്ളിക്കുത്ത് മൂസ (19) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു വർഷത്തോളമായി കഞ്ചാവു വിൽപ്പന രംഗത്തുള്ള പ്രതികൾ ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും മറ്റും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഒരാഴ്ചയ്ക്കുള്ളിൽ പത്തോളം പ്രതികളെയാണ് കഞ്ചാവുമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും പിടികൂടിയത്. പിടിയിലായ രണ്ടംഗ സംഘത്തിൽ നിന്ന് കഞ്ചാവ് മൊത്ത വിതരണ സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും സി.ഐ. എൻ.ബി. ഷൈജു പറഞ്ഞു.
മഞ്ചേരി സി.ഐക്കൊപ്പം എസ്.ഐ അബൂബക്കർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, അബ്ദുൾ റഷീദ്, പി. സഞ്ജീവ്, ദിനേശ് ഇരുപ്പകണ്ടൻ, മുഹമ്മദ് സലീം പൂവത്തി എന്നിവരുടെ നേതൃത്വത്തിൽ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡ് അഗങ്ങളാണ് പ്രതികളെ പിടികൂടി കേസിൽ തുടരന്വേഷണം നടത്തുന്നത്.