മലപ്പുറം: യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശമേകാൻ വയനാട്ടിലെ സ്ഥാനാർത്ഥിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി ഇന്ന് വണ്ടൂരിലെത്തും. ഉച്ചയ്ക്ക് ശേഷം 2.40ന് വണ്ടൂർ ബൈപ്പാസ് റോഡിന് സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും. വണ്ടൂരിൽ മാത്രമായിരിക്കും രാഹുൽഗാന്ധിയുടെ പര്യടനം. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പ്രദേശമെന്ന നിലയിൽ സമ്മേളന നഗരിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും എസ്.പി.ജിയും ഒരുക്കിയിട്ടുള്ളത്. എസ്.പി.ജി ഉന്നതസംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയതായി ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ പറഞ്ഞു. വാണിയമ്പലത്തെ സ്കൂൾ ഗ്രൗണ്ടിലാണ് രാഹുൽഗാന്ധി ഹെലിക്കോപ്റ്ററിൽ ഇറങ്ങുക. ഇതിന് മുന്നോടിയായുള്ള ട്രയലും അരങ്ങേറി. രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിലിറങ്ങി സമ്മേളന നഗരിയിലെത്തും വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും.
രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ക്രമീകരണങ്ങൾ യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പൂർത്തിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പ്രധാനമായും വയനാട് നിയോജക മണ്ഡലം ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി വണ്ടൂരിൽ എത്തുന്നതെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രവർത്തകരുടെ വലിയ ഒഴുക്കുണ്ടാവും. ഇതു മുന്നിൽ കണ്ടുള്ള സൗകര്യങ്ങൾ സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് 4.10ന് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ തൃത്താല ചാലിശ്ശേരിയിലെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. മുളയമ്പറമ്പത്ത് ക്ഷേത്ര മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങും. പൊതുസമ്മേളനം വൈകിട്ട് മൂന്നിനാരംഭിക്കും. വൈകിട്ട് അഞ്ചിന് രാഹുൽ ഗാന്ധി മടങ്ങും.
തിരുവമ്പാടിയിൽ നിന്ന് അരീക്കോട്, എടവണ്ണ വഴി റോഡ് മാർഗം വണ്ടൂരിലെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. ഇതോടെ പ്രവർത്തകർ വലിയ ആവേശത്തിലായിരുന്നു. ഇതു റദ്ദാക്കി പ്രചാരണം വണ്ടൂരിലൊതുക്കി. വയനാട്ടിൽ ഉൾപ്പെട്ട ഏറനാട്, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ താരപ്രചാരകരുടെ പട തന്നെയെത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധി 21ന് നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ പര്യടനത്തിനെത്തും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും വയനാട്ടിലുൾപ്പെട്ട മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെത്തുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു നാളെ ഏറനാട്ടിലെത്തും. വൈകിട്ട് അഞ്ചിന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കും.