jjjjj
വയനാട് ലോക്‌സഭ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വണ്ടൂരിലെത്തിയ രാഹുൽ ഗാന്ധി വേദിയിൽ യു.ഡി.എഫ് നേതാക്കളായ ഷാഫി പറമ്പിൽ എം.എൽ.എ,​ കെ.സി. വേണുഗോപാൽ,​ പി.കെ. ബഷീർ എം.എൽ.എ,​ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി,​ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പം

മലപ്പുറം: ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നാഗ്പൂരിൽ നിന്ന് മോഹൻ ഭാഗവതല്ലെന്ന് രാഹുൽ ഗാന്ധി. വയനാട് മണ്ഡലത്തിലെ പ്രചാരണത്തിന്റെ ഭാഗമായി വണ്ടൂരിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യക്കാരെ രണ്ടാംതരം പൗരന്മാരായി കാണുന്നവരാണ് രാജ്യം ഭരിക്കുന്നത്. കേരളം എന്തു സംസാരിക്കണം,​ ഏതു ഭാഷ സംസാരിക്കണം എന്ന് തീരുമാനിക്കാൻ മോഹൻ ഭഗവത് ആരാണ്? കേരളത്തെ നയിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്. തങ്ങളുടെ ഭാഷയ്‌ക്കും സംസ്‌കാരത്തിനും എന്തു കുറവാണ് ആർ.എസ്.എസ് കാണുന്നതെന്നാണ് ജനമൊന്നാകെ ചോദിക്കുന്നത്. തിരഞ്ഞെടുപ്പിലൂടെ ആർ.എസ്.എസിനെ പാഠം പഠിപ്പിക്കാൻ ഇന്ത്യ ഒരുങ്ങിയിട്ടുണ്ട്.

ഒരുമയുടെ സന്ദേശം രാജ്യത്തിനു നൽകാൻ ഏറ്റവും അനുയോജ്യമായ സ്ഥലമായതുകൊണ്ടാണ് വയനാട്ടിൽക്കൂടി ഞാൻ മത്സരിക്കുന്നത്. എല്ലാ ആശയങ്ങളെയും ആദരിക്കാനുള്ള കഴിവ് വയനാടിനെ എനിക്കു കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. ആർക്കെതിരെയും അക്രമത്തിന്റെ ഭാഷ പ്രയോഗിക്കാത്തവരാണ് വയനാട്ടുകാർ. ഇത് ഇന്ത്യയെ വിഭജിക്കാൻ നോക്കുന്ന പ്രധാനമന്ത്രിക്കുള്ള മറുപടിയാണ്- രാഹുൽ പറഞ്ഞു.

മോദിയെപ്പോലെ ഞാൻ വെറുംവാഗ്ദാനങ്ങൾ നൽകില്ല. വയനാടിനെ ലോക ടൂറിസം ഭൂപടത്തിൽ മുന്നിലെത്തിക്കും. ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിനും വന്യമൃഗ ശല്യത്തിനും പരിഹാരമുണ്ടാക്കും. റബ്ബർ കൃഷിയെ നശിപ്പിക്കുന്ന മലേഷ്യയുമായുള്ള കരാർ കോൺഗ്രസ് വരുന്നതോടെ പിൻവലിക്കും. ലോക്‌സഭയിൽ മോദി അപമാനിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താവാണ് ഐ.എ.എസ് നേടിയ വയനാട്ടിലെ ആദിവാസി പ്രതിനിധിയായ ശ്രീധന്യ. ശ്രീധന്യയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. ന്യായ് പദ്ധതിയിലൂടെ ആയിരം ശ്രീധന്യമാരെ സൃഷ്ടിക്കാൻ കഴിയുമെന്നും രാഹുൽ തുടർന്നു.