മലപ്പുറം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചത് 15,408 ഉദ്യോഗസ്ഥരെ. ജില്ലാ പരിധിയിൽ വരുന്ന 2750 പോളിംഗ് ബൂത്തുകളിലേക്കാണ് ഇത്രയും ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത്. 13204 ഉദ്യോഗസ്ഥർക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നിർവഹണ ചുമതല നൽകിയപ്പോൾ 2204 ജീവനക്കാർ അവശ്യഘട്ടത്തിൽ ഉപയോഗിക്കുന്നതിനുള്ള പരിഗണന വിഭാഗത്തിലാണ് ഉൾപ്പെട്ടത്. പൊന്നാനി, മലപ്പുറം ലോക്‌സഭ മണ്ഡലങ്ങൾക്ക് പുറമെ വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ പോളിംഗ് ബൂത്തിലും ഒന്നു വീതം പ്രിസൈഡിംഗ് ഓഫീസർമാർ, മൂന്ന് പോളിംഗ് ഉദ്യോഗസ്ഥർ എന്ന കണക്കിലാണ് ചുമതല. ഓരോ മണ്ഡലത്തിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കണക്ക് ഇപ്രകാരമാണ്. കൊണ്ടോട്ടി -821, മഞ്ചേരി-816, പെരിന്തൽമണ്ണ-859, മങ്കട-845, മലപ്പുറം-850, വേങ്ങര-744, വള്ളിക്കുന്ന്-805,തിരൂരങ്ങാടി-773, താനൂർ-715, തിരൂർ-878, കോട്ടയ്ക്കൽ-875, തവനൂർ-758, പൊന്നാനി-768. വയനാട് ലോക്‌സഭ മണ്ഡലത്തിൽപ്പെടുന്ന ഏറനാട്-763, നിലമ്പൂർ-955, വണ്ടൂർ-979 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
സൂക്ഷ്മ നിരീക്ഷകർക്ക് പ്രായോഗിക പരിശീലനം
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പ് ചുമതലയുള്ള സൂക്ഷ്മനിരീക്ഷകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി പ്രായോഗിക പരിശീലനം. മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളിലെ പൊതുനിരീക്ഷകരുടെ നേതൃത്വത്തിലാണ് 42 സൂക്ഷ്മനിരീക്ഷകർക്ക് കളക്ടറേറ്റ് സമ്മേളന ഹാളിൽ പ്രായോഗിക പരിശീലനം നൽകിയത്. വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകളിൽ മുഴുവൻ സമയ നിരീക്ഷണം നടത്താനും അസ്വാഭാവിക സംഭവങ്ങളും നിയമലംഘനങ്ങളുമുണ്ടായാൽ പൊതുനിരീക്ഷകർക്ക് അപ്പപ്പോൾ റിപ്പോർട്ട് ചെയ്യാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നൽകിയത്. സൂക്ഷ്മ നിരീക്ഷകരുടെ ചുമതലകളെക്കുറിച്ചും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനരീതികളെക്കുറിച്ചും തിരഞ്ഞെടുപ്പ് നോഡൽ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ഡോ. ജെ.ഒ അരുൺ വിശദീകരിച്ചു. പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ പൊതുനിരീക്ഷക പത്മ ജയ്സ്വാൾ , മലപ്പുറം, വയനാട് ലോക്‌സഭ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകരായ ചന്ദ്രകാന്ത് ഒയ്ക, ബോബി വൈക്കോം , ജില്ലാ കളക്ടർ അമിത് മീണ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അനിൽകുമാർ എന്നിവർ സൂക്ഷ്മനിരീക്ഷകർക്ക് നിർദ്ദേശങ്ങൾ നൽകി. സംശയങ്ങൾക്കും മറുപടി നല്‍കി. ഏപ്രിൽ 21നാണ് സൂക്ഷ്മ നിരീക്ഷകർക്ക് പോളിംഗ് ബൂത്തുകളിൽ ചുമതല നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കുക.
നിരീക്ഷണം മതി: നേരിട്ടുള്ള ഇടപെടൽ വേണ്ട
മലപ്പുറം: പോളിംഗ് ബൂത്തുകളിൽ മുഴുവൻ സമയ നിരീക്ഷണം നടത്തണമെന്നും നേരിട്ടുള്ള ഇടപെടൽ പാടില്ലെന്നും സൂക്ഷ്മ നിരീക്ഷകർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. പോളിംഗ് ബൂത്തുകളിൽ നിയമലംഘനങ്ങളുണ്ടായാൽ അടിയന്തരമായി അറിയിക്കണമെന്നും മു
ൻകരുതൽ വേണമെന്നും സൂക്ഷ്മനിരീക്ഷകരോട് പൊതുനിരീക്ഷകർ വ്യക്തമാക്കി. കൃത്യമായ ആശയവിനിമയം വേണം. വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ശല്യങ്ങളുണ്ടായാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണം. പോളിംഗ് ബൂത്തുകളിലെ നടപടികളെല്ലാം നിയമാനുസൃതമാണോയെന്ന് ഉറപ്പുവരുത്തണമെന്നും പൊതുനിരീക്ഷകർ നിർദ്ദേശിച്ചു. സാങ്കേതിക കാരണങ്ങളാൽ വോട്ടെടുപ്പിൽ തടസം നേരിട്ടാൽ ഉടനടി വിവരം അറിയിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. പ്രിസൈഡിംഗ് ഓഫീസർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം സൂക്ഷ്മ നിരീക്ഷകരുടെ പ്രവർത്തനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ബി.എൽ.ഒമാർക്ക് ഡ്യൂട്ടി ലീവ് നൽകണം
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടർ പട്ടികയിൽ ഫോട്ടോ പതിച്ച സ്ലിപ്പ് വിതരണം ചെയ്യേണ്ടതിനാൽ ബൂത്ത് ലെവൽ ഓഫീസർമാരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ഏപ്രിൽ 16 മുതൽ 21 വരെ വകുപ്പ് മേധാവികൾ ഡ്യൂട്ടി ലീവ് അനുവദിക്കാൻ ഉത്തരവായി.
ബൂത്തിൽ ഭക്ഷണമെത്തിക്കാൻ കുടുംബശ്രീ
മലപ്പുറം: തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരും ഭക്ഷണത്തിന് ഇനി അലയണ്ട. പോളിംഗ് ബൂത്തിൽ രുചികരമായ ഭക്ഷണവുമായി ഇത്തവണ കുടുംബശ്രീ പ്രവർത്തകരെത്തും. പ്രഭാതഭക്ഷണം മുതൽ ഉച്ചയൂണ്‍ വരെ നാടൻ വിഭവങ്ങളാണ് ഇത്തവണ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണ കേന്ദ്രത്തിൽ ഒരുക്കുന്നത്. മഞ്ചേരി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, പ്രദേശങ്ങളിലെ ഏഴ് കുടുംബശ്രീ വിതരണ കേന്ദ്രങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും നാടൻ രീതിയിലുള്ള ഭക്ഷണവിഭവങ്ങൾ ഒരുക്കാൻ തയ്യാറാവുന്നത്. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ നീക്കാനും കൃത്യമായി ജോലി സമയം ക്രമീകരിക്കാനും സൗകര്യമാവുന്ന തരത്തിൽ ജില്ലാ കളക്ടർ അമിത് മീണയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഭക്ഷണ വിതരണം സജ്ജീകരിക്കുന്നത്. ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാകും.
ജില്ലാഭരണകൂടം ഒരുക്കിത്തന്ന ഇത്തരമൊരു അവസരം കുടുംബശ്രീ കൂട്ടായ്മക്കും വരുമാന മാർഗ്ഗമാണെന്ന് ജില്ല മിഷൻ കോർഡിനേറ്റർ സി.കെ ഹേമലത പറഞ്ഞു.