പെരിന്തൽമണ്ണ: വീണ്ടുമൊരു കുരുന്നു പ്രാണനായി ഹൃദയപൂർവം വഴിയൊരുക്കി കേരളം. മംഗലാപുരത്ത് നിന്നു 15 ദിവസം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് പെരിന്തൽമണ്ണയിൽ നിന്നു മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചത്.
നന്മ വറ്റാത്ത മനസ്സുകൾ കൈകോർത്തതോടെ നിരത്തിലെ തിരക്കുകൾ വഴിമാറ്റി അഞ്ചര മണിക്കൂർ കൊണ്ട് ആംബുലൻസ് തിരുവനന്തപുരത്തെത്തി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അതീവ ഗുരുതര നിലയിലായ കുഞ്ഞിനെയും വഹിച്ച് പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ നിന്നും ഇന്നലെ വൈകിട്ട് 5.30നാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെട്ടത്.
മലപ്പുറം വേങ്ങൂർ സ്വദേശികളായ നജാദ് - ഇർഫാന ദമ്പതികളുടേതാണ് കുഞ്ഞ്. എത്രയും പെട്ടെന്നു ശ്രീചിത്രയിലെത്തിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾക്കായി അഭ്യർത്ഥിച്ചാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂരിലെ കെ.എൽ 02 ബി.ഡി 8296 നമ്പർ ആംബുലൻസാണ് യാത്ര തിരിച്ചത്. രണ്ട് ഡ്രൈവർമാരാണ് കൂടെയുണ്ടായിരുന്നത്.