llll
.

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ പ്രചാരണാവേശം കൊട്ടിക്കയറുന്നു. വിശ്രമമില്ലാതെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. നട്ടുച്ചവെയിലിൽ അൽപ്പമൊന്ന് വിശ്രമിച്ചതിന് പിന്നാലെ വീണ്ടും വോട്ടോട്ടം. ഒരുദിവസം അമ്പത് കേന്ദ്രങ്ങളെന്ന തരത്തിലാണ് മിക്ക സ്ഥാനാർത്ഥികളുടെയും പര്യടനം. കുടുംബസംഗമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ റോഡ് ഷോയുമായാണ് യു.ഡി.എഫ്,​ എൽ.ഡി.എഫ്,​ എൻ.ഡി.എ സ്ഥാനാർത്ഥികൾ രംഗത്തുവന്നിട്ടുള്ളത്. മിക്ക സ്ഥാനാർത്ഥികളും ഇതിനകം മൂന്നുതവണ പര്യടനം നടത്തി. എസ്.ഡി.പി.ഐ,​ പി.ഡി.പി സ്ഥാനാർത്ഥികളും പ്രചാരണ രംഗത്തുണ്ട്. വേനൽമഴയേകിയ ആശ്വാസത്തിൽ ഉച്ചയ്ക്കുള്ള വിശ്രമസമയം വെട്ടിക്കുറച്ചാണ് ഇന്നലത്തെ സ്ഥാനാർത്ഥികളുടെ പര്യടനം.

സ്ഥാനാർത്ഥിയുടെ വാഹനത്തിന് പിന്നാലെ നിരവധി ബൈക്കുകൾ അണിനിരത്തി ആവേശമറിയിച്ചാണ് റോഡ് ഷോകൾ അരങ്ങേറുന്നത്. പ്രമുഖരെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്കും തുടക്കമിട്ടിട്ടുണ്ട്. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കോൺഗ്രസിന്റെ ദേശീയമുഖമായ ഗുലാംനബി ആസാദ് ഇന്നലെ രാത്രി എട്ടോടെ മലപ്പുറത്ത് റോഡ് ഷോയിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി സാനുവിനായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രചാരണത്തിനെത്തി. കൂട്ടിലങ്ങാടിയിലും കൊണ്ടോട്ടിയിലും പ്രചാരണ യോഗങ്ങളിലും കാരാട്ട് പങ്കെടുത്തു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ കൊണ്ടോട്ടി മുതൽ മലപ്പുറം വരെ ബുള്ളറ്റ് റാലി സംഘടിപ്പിച്ചു. പൊന്നാനിയിൽ എൽ.ഡ‌ി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്റെ തവനൂരിലെ റോഡ് ഷോയിൽ മന്ത്രി കെ.ടി. ജലീൽ പങ്കെടുത്തു.

യു.ഡി.എഫിനായി രാഹുൽഗാന്ധി വന്നതിന് പിന്നാലെ എൽ.ഡി.എഫിനായി സി.പി.എം അഖിലേന്ത്യാ സെക്രട്ടറിയും താരപ്രചാരകനുമായ സീതാറാം യെച്ചൂരി ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനെത്തി. വൈകിട്ട് നാലിന് വയനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന വണ്ടൂരിലെത്തിയ സീതാറാം യെച്ചൂരി തുടർന്ന് എടപ്പാളിലും തിരൂർ ബി.പി. അങ്ങാടിയിലും പൊതുയോഗങ്ങളിൽ പങ്കെടുത്തു. തുവ്വൂരിൽ പോളിറ്റ് ബ്യൂറോയംഗം വൃന്ദ കാരാട്ടുമെത്തി. ഇന്ന് രാവിലെ പത്തിന് അത്താണിക്കൽ,​ വൈകിട്ട് നാലിന് പെരിന്തൽമണ്ണ,​ ആറിന് അലത്തിയൂർ,​ ഏഴിന് പരപ്പനങ്ങാടി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും വൃന്ദ കാരാട്ട് പങ്കെടുക്കും.പോളിറ്റ് ബ്യൂറോയംഗം സുഭാഷിണി അലി നാളെ രാവിലെ പത്തിന് എടപ്പാളിലെ പൊതുയോഗത്തിൽ പങ്കെടുക്കും.

രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ അരീക്കോടും നിലമ്പൂരിലുമെത്തും. സച്ചിൻ പൈലറ്റ് അടക്കുള്ള താരപ്രചാരകരെ മണ്ഡലത്തിലെത്തിക്കാനാണ് ശ്രമം. ബി.ജെ.പിക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ,​ ഷാനവാസ് ഹുസൈൻ അടക്കമുള്ളവർ‌ ജില്ലയിലെത്തി. ഇനി വരുന്ന നേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.