hhh
.

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രക്രിയക്കിടെ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും വോട്ടിംഗിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്താനാവശ്യമായ മുൻകരുതലുകൾ പ്രിസൈഡിംഗ് ഓഫീസർമാർ സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പോളിംഗ് സ്റ്റേഷനുകളിൽ സമാധാന അന്തരീക്ഷം നിലനിറുത്തേണ്ട ചുമതലയും പ്രിസൈഡിംഗ് ഓഫീസർമാർക്കാണ്. വോട്ടെടുപ്പിന് ശേഷം ആവശ്യം വരുന്ന കവറുകൾ വോട്ടെടുപ്പിന് തലേദിവസം തന്നെ തയ്യാറാക്കണമെന്നും പോളിംഗ് ഏജന്റുമാരുടെ പാസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം. പ്രിസൈഡിംഗ് ഓഫീസർമാർ വോട്ടിംഗ് മെഷീൻ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച അധികാരപത്രം കൈവശമുള്ള ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും മാത്രമേ പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ വോട്ടർ ആർക്ക് വോട്ടുചെയ്യുന്നുവെന്നത് പകർത്തരുത്. ഒരു സ്ഥാനാർത്ഥിക്ക് ഒരു പോളിംഗ് ഏജന്റിനെയും രണ്ട് ആശ്വാസ ഏജന്റുമാരെയും ഒരു പോളിംഗ് സ്റ്റേഷനിലേക്ക് നിയോഗിക്കാം. ഒരേസമയം ഒരു സ്ഥാനാർത്ഥിയുടെ ഒരു ഏജന്റേ പോളിംഗ് സ്റ്റേഷനിൽ ഇരിക്കാവൂ. പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടാലേ പൊലീസ് പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാവൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.