മലപ്പുറം : പോളിംഗ് ബൂത്തിന് 200 മീറ്റർ ചുറ്റളവിൽ പാർട്ടി ചിഹ്നങ്ങളും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാമഗ്രികളും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്താൻ പ്രിസൈഡിംഗ് ഓഫീസർമാർ വോട്ടെടുപ്പ് തുടങ്ങുംമുമ്പ് തന്നെ നടപടി സ്വീകരിക്കണമെന്ന് പൊതുനിരീക്ഷകർ മുന്നറിയിപ്പ് നൽകി. ബൂത്തിനുള്ളിലെ ചുമരുകൾ പരിശോധിച്ച് രാഷ്ട്രീയ, സാമുദായിക നേതാക്കളുടെ ഫോട്ടോകളും (രാഷ്ട്രപിതാവിന്റെ ഒഴികെ) തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകളും മാറ്റുകയോ മറയ്ക്കുകയോ ചെയ്യണം. ഇത്തരം ഘട്ടത്തിൽ ആവശ്യമെങ്കിൽ സെക്ടറൽ ഓഫീസറുമായോ പൊലീസ് സ്റ്റേഷനുമായോ പ്രിസൈഡിംഗ് ഓഫീസർമാർ ഉടനെ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. സമ്മതിദായകർക്ക് സൗകര്യപ്രദമായി പ്രവേശിച്ച് വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിറുത്തി വോട്ടുചെയ്യാവുന്ന രീതിയിൽ വോട്ടിംഗ് കമ്പാർട്ട്‌മെന്റ് ക്രമീകരിക്കുകയും നിർദ്ദേശിക്കപ്പെട്ട വിവരങ്ങൾ വോട്ടിംഗ് കമ്പാർട്ട്‌മെന്റിന്റെ പുറത്ത് പതിക്കുകയും വേണം.
വോട്ടിംഗ് കമ്പാർട്ട്‌മെന്റ് ക്രമീകരിക്കുമ്പോൾ വി.വിപാറ്റിന്റെ ഡിസ്‌പ്ലേയിൽ നേരിട്ട് സൂര്യപ്രകാശമോ ബൾബിന്റെ പ്രകാശമോ പതിക്കാത്ത രീതിയിൽ സജ്ജീകരിക്കണം. വോട്ടിംഗ് കേന്ദ്രത്തിൽ പ്രിസൈഡിംഗ് ഓഫീസർ ഒഴികെ മറ്റാരും മൊബൈൽ ഫോൺ ഉപയോഗിക്കരുത്. പാർട്ടി പ്രവർത്തകരെയോ ഏജന്റുമാരെയോ വോട്ടർമാരെയോ വോട്ടിംഗ് കേന്ദ്രത്തിന് അകത്തോ പുറത്തോ 100 മീറ്റർ പരിധിക്കുള്ളിലോ അനാവശ്യമായി ചുറ്റിത്തിരിയാൻ അനുവദിക്കരുത്. കൃത്യമായ ഇടവേളകളിൽ രേഖപ്പെടുത്തിയ ആകെ വോട്ട്, വോട്ടിംഗ് ശതമാനം എന്നിവ റിപ്പോർട്ട് ചെയ്യണം. ബാലറ്റ് യൂണിറ്റ്, വി വി പാറ്റ് എന്നിവയും കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. വോട്ടർ സംശയാസ്പദമായ സാഹചര്യത്തിൽ അധികസമയം വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ നിന്നാൽ പുറത്തുവരാൻ പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെടണമെന്ന് പൊതുനിരീക്ഷകർ അറിയിച്ചു.