എടക്കര: വേനൽമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മലയോര മേഖലയിൽ വ്യാപക നാശം. നിരവധി വീടുകൾക്ക് മേൽ മരം വീണ് കേടുപാട് സംഭവിച്ചു. മരുത കരിയംതോട് കക്കോടൻ റാഷിദ്, പുത്തൻപുരയ്ക്കൽ മുഹമ്മദ്, ചുങ്കത്തറ കാട്ടിച്ചിറ തെങ്ങിലകത്ത് അൻവർ, തെക്കേ തൊണ്ടിയിൽ മാത്യു എന്നിവരുടെ വീടുകൾക്കാണ് തെങ്ങ്, റബർ, മാവ് എന്നിവ വീണ് കേടുപാട് പറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് മേഖലയിൽ കാറ്റ് ആഞ്ഞുവീശിയത്. പിന്നാലെ വേനൽമഴയും തിമർത്ത് പെയ്തു. എടക്കര, വഴിക്കടവ്, ചുങ്കത്തറ, പോത്തുകൽ, മൂത്തേടം പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശമുണ്ടായി. ലൈനിൽ മരം വീണ് നിരവധി വൈദ്യുതി തൂണുകൾ പൊട്ടിയതിനാൽ മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. പലയിടങ്ങളിലും പൂർവ സ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്. വെള്ളക്കട്ടയിൽ തിണ്ണക്കൽ ബാബു ശ്രീധരൻ, കണ്ണിയൻ മൊയ്തീൻ, തേനാംകുറുശ്ശി മാനു, കല്ലുവെട്ടി അസീസ്, പടിക്കപറമ്പിൽ വാസു എന്നിവരുടെ വാഴത്തോട്ടങ്ങൾ കാറ്റിൽ നശിച്ചു. എടക്കര പഞ്ചായത്തിലെ ഉദിരക്കുളം, പൊട്ടൻതരിപ്പ, ചാത്തംമുണ്ട, നല്ലംതണ്ണി, മണക്കാട്, താന്നിമൂല, പാലേമാട്, വഴിക്കടവ് പഞ്ചായത്തിലെ നരിവാലമുണ്ട, പള്ളിക്കുന്ന്, ചുങ്കത്തറ പഞ്ചായത്തിലെ ചൂരക്കണ്ടി, പൂക്കോട്ടുമണ്ണ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്. ഉദിരക്കുളത്തെ മങ്ങാട്ടുതൊടിക സുഭദ്രയുടെ വീട് കാറ്റിൽ തകർന്നു. പൊട്ടൻതരിപ്പയിലെ വെള്ളാരംപാറ ബിജുവിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയി. പാഴൂപ്പള്ളിൽ എബ്രഹാം, പാഴൂപ്പള്ളിൽ ഡൊമിനിക് മാത്യു, ചിറക്കണ്ടത്തിൽ ജോൺ, പുത്തൻവളയിൽ ജോസ്, തുടങ്ങി നിരവധിയാളുകളുടെ പറമ്പിലെ ഫലവൃക്ഷങ്ങൾ കാറ്റിൽ തകർന്നടിഞ്ഞു. മരങ്ങൾ വീണ് വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇവിടെ വൈകിട്ട് നാലോടെയാണ് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. മേഖലയിൽ ആദ്യമായി പെയ്ത വേനൽമഴ വ്യാപക നാശമുണ്ടാക്കി. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല. നരിവാലമുണ്ട പള്ളിക്കുന്നിലെ ശ്രീനിലയം സുബ്രഹ്മണ്യന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. പുതുകുളങ്ങര ജോയിയുടെ വീടിനുമേൽ റബർ മരങ്ങൾ വീണ് മേൽക്കൂര തകർന്നു. പാലേമാട് സാമിക്കുന്നിലെ ഹരിശ്രീ വീട്ടിൽ ഹരിയുടെ 15 റബർ മരങ്ങൾ, പട്ടർകണ്ടത്തിൽ ബിജുവിന്റെ റബർ, തെങ്ങ്, കവുങ്ങ്, വണ്ടൂർ സ്വദേശി സഫറുള്ളയുടെ അമ്പതോളം തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും കാറ്റിൽ നിലംപൊത്തി. കുപ്പനത്ത് മൂസക്കുട്ടി, മേക്കാട്ടിൽ ജെയിംസ്, പുത്തൻവീട് ശാന്ത, മേലേമണ്ണിൽ ജോസ് എന്നിവരുടെ കൃഷിയും കാറ്റിൽ നശിച്ചു.