ggg
അപകടാവസ്ഥയിലുള്ള പുത്തനങ്ങാടി അംഗൻവാടി

വേങ്ങര : പഞ്ചായത്തിലെ പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന അംഗനവാടി അപകടാവസ്ഥയിൽ. ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് ഈ അംഗൻവാടി. 1975ലാണ് അംഗൻവാടി സ്ഥാപിതമായത്. 120 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രണ്ടു ജീവനക്കാരും 20 കുട്ടികളുമാണുള്ളത്. മേൽക്കൂരയും ചുമരും തികച്ചും അപകടാവസ്ഥയിലാണ്. ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയിലാണ് മേൽക്കൂര. 242 വീടുകളാണ് ഈ അംഗനവാടി പരിധിയിലുള്ളത്. ഇവിടെ കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ വാങ്ങാൻ നിരവധി പേരാണ് എത്തുന്നത്. പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളോ പാചകപ്പുരയോ ഇല്ലാത്ത അവസ്ഥയാണ്. കുട്ടികൾക്ക് കിടന്നുറങ്ങാൻ പോലും സൗകര്യമില്ല. ശുദ്ധജലം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്. വാടക കെട്ടിടത്തിലാണ് അംഗനവാടി പ്രവർത്തിക്കുന്നത്. ഇതിന് മാസം തോറും 600 രൂപ നൽകണം. അംഗനവാടിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനോ സ്വന്തമായ കെട്ടിടത്തിലേക്ക് മാറാനോ സാഹചര്യമുണ്ടാക്കണമെന്ന് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സി.ടി. രാജു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും സാമൂഹ്യ ക്ഷേമ വകുപ്പിനും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.