election-2019

മലപ്പുറം: പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിലെ എം.എൽ.എ സ്ഥാനം രാജിവയ്‌ക്കുമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. വ്യക്തിപരമായ തീരുമാനമാണ്. ഇതിൽ മാറ്റമുണ്ടാവില്ല. രാജിവയ്‌ക്കരുതെന്ന് സി.പി.എം പറഞ്ഞാലോ എന്ന ചോദ്യത്തിന് പാർട്ടിയോട് ചില കാര്യങ്ങൾ താനും പറയുമെന്നായിരുന്നു അൻവറിന്റെ മറുപടി.
വെറുതെ ഒരാവേശത്തിന് പറയുന്നതല്ല ഇത്. മൂന്നു വർഷമായി നിലമ്പൂർ എം.എൽ.എയായി പ്രവർത്തിക്കുന്നു. വികസന പ്രവർത്തനങ്ങൾ എന്താണെന്ന് തെളിയിച്ച ശേഷമാണ് പൊന്നാനി മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടർമാർക്കു മുന്നിൽ ചൂണ്ടിക്കാണിക്കാൻ നിലമ്പൂരിലെ വികസനമുണ്ട്. എന്നിട്ടും വോട്ടർമാർക്ക് എന്നെ വേണ്ടെങ്കിൽപ്പിന്നെ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ- അൻവർ പറഞ്ഞു.