bbb
പൊന്നാനി ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എടപ്പാളിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുന്ന സീതാറാം യെച്ചൂരി

പൊന്നാനി: നരേന്ദ്ര മോദിയുടെ കൂട്ടാളികൾക്കു വേണ്ടിയുള്ള ഭരണമാണ് കഴിഞ്ഞ അഞ്ചു വർഷം നടന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊന്നാനി ലോക്‌സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി.വി. അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എടപ്പാളിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ വിധേയമായ രാഷ്ട്രീയ അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. മോദി ഭരണത്തിന് തടയിടാൻ കോൺഗ്രസിനാകുമെന്നാണ് അവരുടെ അവകാശവാദം.എന്നാൽ ഇതിന് അവർക്ക് കഴിയുമോയെന്ന് അവർ സ്വയം വിലയിരുത്തണം. ബി.ജെ.പിക്കെതിരെ വിശാല ഐക്യനിര സാദ്ധ്യമാക്കുന്നതിൽ കോൺഗ്രസ് സമ്പൂർണ പരാജയമാണ്. ബി.ജെ.പിയെ തടയാൻ ഇടതുപക്ഷ ബദലിനേ സാധിക്കൂ. നയസമീപനത്തിലൂടെയുള്ള ബദലിന് മാത്രമേ ബി.ജെ.പിയെ തടയാനാവൂ. അതിന് ഇടതുപക്ഷത്തിനേ സാധിക്കൂ. 2004ൽ വാജ്‌പേയി സർക്കാരിന് തടയിട്ട് യു.പി.എ സർക്കാർ അധികാരത്തിലെത്തിയത് ഇടതുപക്ഷം മുന്നോട്ടുവച്ച ബദലിന്റെ ഭാഗമായിട്ടായിരുന്നു. കേന്ദ്ര ബി.ജെ.പിയെ താഴെയിറക്കാനുള്ള ബദലിന് കരുത്തുറ്റ പിന്തുണ നൽകിയത് കേരളമായിരുന്നു .20ൽ 18 സീറ്റുകളാണ് അന്ന് കേരളം ഇടതുപക്ഷ ബദലിന് സമ്മാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 20ൽ 20 സീറ്റും കേരളം ഇടതുപക്ഷത്തിന് നൽകേണ്ട നിർണ്ണായക അവസ്ഥയിലാണ് കേരളമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സമ്മർദ്ദ നിലപാടാണ് ഒന്നാം യു.പി.എയെ ജനകീയമാക്കിയത്.ഇടതുപക്ഷത്തെ നിർവ്വീര്യമാക്കി അധികാരത്തിലെത്തിയ രണ്ടാം യു.പി.എയുടെ ജനവിരുദ്ധ നിലപാടുകളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ വഴിയൊരുക്കിയത്. തീവ്രഹിന്ദുത്വ ശക്തികൾക്ക് കീഴ്‌പ്പെടുന്ന സമീപനമാണ് കോൺഗ്രസ് എക്കാലത്തും സ്വീകരിച്ചത്. തീവ്രഹിന്ദുത്വത്തെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷം പാർലമെന്റിൽ ഉണ്ടാകേണ്ടത് രാജ്യതാത്പര്യത്തിന് അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.മന്ത്രി കെ.ടി. ജലീൽ, പി നന്ദകുമാർ, പി ജ്യോതിഭാസ് എന്നിവർ പ്രസംഗിച്ചു.