നിലമ്പൂർ: ബൈക്കിൽ കടത്തുകയായിരുന്ന 2.100 കിലോ കഞ്ചാവുമായി രണ്ടു പേർ നിലമ്പൂർ എക്‌സൈസിന്റെ പിടിയിലായി. നിലമ്പൂർ മാർക്കറ്റിൽ കോഴിക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്ന നിലമ്പൂർ പാടിക്കുന്ന് പൊന്നേഴത്ത് വീട്ടിൽ സനഫ്(28), കോട്ടയം ഈരാറ്റുപേട്ട എളക്കയം സ്വദേശി ചെഴലിൽ വീട്ടിൽ സുൽഫിക്കർ (30) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പുഴ കെ.ടി.ഡി.സി ടമരിന്റ് ഹോട്ടലിന് സമീപം വച്ചാണ് പ്രതികൾ പിടിയിലായത്. വിൽപ്പനയ്ക്കായി തയ്യാർ ചെയ്ത നിലയിൽ പോളിത്തീൻ കവറുകളിലും മൊത്തമായും കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പനയ്ക്ക് സനഫ് ആറ് മാസം മുമ്പ് പിടിയിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു. അടിമാലിയിൽ വലിയ അളവിൽ കഞ്ചാവുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയ സുൽഫിക്കറും നിലമ്പൂർ മാർക്കറ്റിൽ സനഫുമായി ചേർന്ന് കഞ്ചാവ് വിൽപ്പനയിൽ സജീവമാകുകയായിരുന്നു. പിടിയിലായ ഇന്നലെ മാത്രം 150 ഓളം പാക്കറ്റു കഞ്ചാവ് വിൽപ്പന നടത്തിയതായി ഇവർ മൊഴി നൽകി.വാടകയ്ക്ക് എടുക്കുന്ന കാറുകളിൽ തമിഴ്‌നാട് കമ്പത്ത് നിന്നെത്തിക്കുന്ന കഞ്ചാവ് നിലമ്പൂർ മണലൊടിയിൽ സനഫു വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വച്ചു പാക്ക് ചെയ്ത് വിൽക്കുകയാണ് പതിവ് .