lll
അങ്ങാടിപ്പുറത്ത് കക്കൂസ് മാലിന്യമുൾപടെ പൊതു ഓടയിലേക്ക് ഒലിച്ച് എത്തിയപ്പോൾ

പെരിന്തൽമണ്ണ: ഒരിടവേളയ്ക്ക് ശേഷം അങ്ങാടിപ്പുറം ടൗണിലെ ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും കക്കൂസ് മാലിന്യങ്ങളുൾപ്പെടെ നേരിട്ട് ഓടയിലേക്ക് തള്ളുന്നതിനാൽ ദുരിതത്തിലായി പ്രദേശവാസികൾ. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഓരാടൻപാലം മുതൽ അങ്ങാടിപ്പുറം തളി ജംഗ്ഷൻ വരെ റോഡിന്റെ ഇടതുഭാഗത്തെ ഓട മുഴുവൻ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പൂർണ്ണമായും പുനർനിർമ്മിച്ചു. പക്ഷേ, വലത് ഭാഗത്തെ ഓടകൾ പൂർണ്ണമായും കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ കെട്ടിട ഉടമകളുടെ സൗകര്യത്തിനനുസരിച്ചാണ് നിർമ്മിച്ചത്. ഈ ഭാഗത്താണ് അങ്ങാടിപ്പുറം ടൗൺ മുതൽ ഓരാടൻപാലം വരെയായി ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇവരിൽ പലരും സെപ്റ്റിക്ക് ടാങ്ക് മാലിന്യമുൾപ്പെടെയുള്ളവയുടെ പൈപ്പുകൾ നേരെ ഓടയിലേക്ക് തുറന്നു വിടുന്ന രീതിയിലാക്കി. ഒരു മാസത്തിനിടയിൽ തന്നെ ഈ മാലിന്യങ്ങൾ ഓടയിൽ നിറഞ്ഞു. കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ താഴ്ന്ന ഭാഗമായ കോട്ടപ്പറമ്പിലെയും പരിസരങ്ങളിലെയും വീടുകളിലേക്കും കിണറുകളിലേക്കും ഇത് ഒലിച്ചെത്തി. പ്രദേശത്തെ മാലിന്യ പ്രശ്‌നം കാരണം പ്രദേശവാസികൾ വോട്ട് ബഹിഷ്‌കരിക്കുമെന്ന് കാണിച്ച് ഫ്‌ളക്സ് ബോർഡുകൾ മേഖലയിൽ സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മൂസക്കോയ, എ.എച്ച്.ഐ സുനിൽ, പഞ്ചായത്ത് ക്ലർക്ക് സലീം പള്ളിയാൽതൊടി എന്നിവർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ കർശനമാക്കുമെന്ന് നാട്ടുകാരെ അറിയിച്ചു. എന്നാൽ ഓടയുടെ സ്ലാബുകൾ നീക്കി പരിശോധിച്ച് മാലിന്യം ഓടയിലേക്ക് തള്ളുന്ന കെട്ടിടങ്ങൾ അടച്ചു പൂട്ടി ഉടമകൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.