നിലമ്പൂർ: ഗ്രാമങ്ങളിലല്ല, മോദിയെ കൂടുതൽ കണ്ടത് വിദേശത്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ. സാധാരണ ജനങ്ങൾക്കിടയിലുള്ള മോദിയുടെ ഒരു ചിത്രവും കാണാനാവില്ല. അദ്ദേഹം മറ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോഴുള്ള ചിത്രങ്ങളാവട്ടെ, ഒരു പാട് കാണാനാവും.
പാകിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചതിന്റെയും ജപ്പാനിൽ ഡ്രം കൊട്ടുന്നതിന്റെയും ജർമ്മനിയിലും അമേരിക്കയിലും വി.ഐ.പികൾക്കൊപ്പം പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ നിരവധിയുണ്ട്. സ്വന്തം മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങളിലേക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ജനങ്ങളെ ബഹുമാനിക്കാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. പബ്ലിസിറ്റിയിൽ മാത്രമാണ് അദ്ദേഹത്തിന്റെ കണ്ണ്. പൊതുയോഗങ്ങളിൽ വീമ്പു പറയാനേ അദ്ദേഹത്തിന് താത്പര്യമുള്ളൂ. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ സർക്കാർ നടപടികൾ സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചു. മോദിയെക്കൊണ്ട് ഉപകാരമുണ്ടായത് കോർപ്പറേറ്റ് മുതലാളിമാർക്കാണ്. ഇത്തരക്കാർക്ക് ഇനിയൊരവസരം നൽകരുത്. വോട്ടർമാർ തങ്ങളുടെ ശക്തി തിരിച്ചറിയണം. അധികാരം വോട്ടർമാരുടെ കൈയിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിലെ ദുരിതങ്ങളാണ് ഉത്തർപ്രദേശിലെ ജനങ്ങൾ തന്നോട് പറയുന്നത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന നയമാണ് കോൺഗ്രസിന്റേത്. ന്യായ് പദ്ധതിയും കർഷകർക്കായുള്ള പ്രത്യേക പദ്ധതികളും ഇതിനുദാഹരണമാണ്.
വയനാട് മണ്ഡലത്തിലെ വനവാസികളെ സംരക്ഷിക്കുന്ന നയമാവും കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്വീകരിക്കുക. ഭൂമിയില്ലാത്ത വിഭാഗം പിന്നീടുണ്ടാവില്ല. - പ്രിയങ്കാ ഗാന്ധി പറഞ്ഞു.