thushar-vellappalli

മലപ്പുറം: വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നേരെ മലപ്പുറം വണ്ടൂരിൽ വച്ചുണ്ടായ ആക്രമണങ്ങളിൽ പൊലീസ് രണ്ടു കേസുകളെടുത്തു. കാളികാവ് കല്ലാമൂലയിൽ യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തിരുന്ന കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിലും പൂങ്ങോട് തുഷാറിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിലുമാണ് കേസുകളെടുത്തത്. ആദ്യത്തെ സംഭവത്തിൽ തിരിച്ചറിയാത്ത ഒരു സംഘം ആളുകൾക്കെതിരെയാണ് കേസ്. പൂങ്ങോട്ടെ ആക്രമണത്തിൽ 15ഓളം പേർക്കെതിരെ കേസെടുത്തു. ഇവർ സി.പി.എം പ്രവർത്തകരാണെന്നാണ് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ചിലരുടെ പേരുവിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കല്ലാമൂലയിലുണ്ടായ ആക്രമണത്തിൽ തുഷാറിന്റെ കാറിന്റെ ചില്ല് തകർന്നിരുന്നു. രാത്രി ഏഴരയോടെയാണ് പൂങ്ങോട്

ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായി ആസൂത്രിതമായ നടന്ന ആക്രമണത്തിൽ 15ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് വണ്ടൂരിൽ ഇന്നലെ എൻ.ഡി.എ പ്രകടനവും വിശദീകരണയോഗവും നടത്തി.