നിലമ്പൂർ: രാഹുൽ ഗാന്ധിക്ക് വോട്ടു തേടി എ.ഐ.സി.സി നിരീക്ഷകനും സംഘവും നിലമ്പൂർ കോവിലകത്തെത്തി. നിരീക്ഷകൻ സലീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധികളാണ് കോവിലകം ഓഫീസിലെത്തി പ്രതിനിധികളെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് നിരീക്ഷകൻ സലീം അഹമ്മദ്, കെ.പി.സി.സി സെക്രട്ടറിമാരായ വി.എ.കരീം,പി.എ.സലീം, നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥ്, കൗൺസിലർ ഗിരീഷ് മോളൂർമഠത്തിൽ, കെ.ടി.കുഞ്ഞാൻ എന്നിവർ കോവിലകം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെത്തിയത്. കോവിലകം പ്രതിനിധികളായ ടി.എൻ.മാനവേദൻ, ടി.എൻവേണുഗോപാലൻ, ജയകുമാർ രാജ, വിനോദ് വർമ്മ, ടി.എൻദേവദാസ്, ടി.എൻ.സജീവൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. കോവിലകവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും മറ്റും ചോദിച്ചറിഞ്ഞ സംഘം വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർത്ഥിച്ചാണ് തിരിച്ചുപോയത്. ജവഹർലാൽ നെഹ്റുവുമായി പോലും ബന്ധമുണ്ടായിരുന്ന കോവിലകത്ത് രാഹുലിനായി വോട്ട് അഭ്യർത്ഥിക്കാൻ എത്തേണ്ടതുണ്ടായിരുന്നുവെന്ന് സലീം അഹമ്മദ് പറഞ്ഞു. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിയങ്ക ഗാന്ധികൂടിയെത്തിയതോടെ സ്ത്രീ വോട്ടർമാരിലും മാറ്റം പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ കോവിലകത്തെത്തിയതിൽ സന്തോഷമുണ്ടെന്ന് കോവിലകം പ്രതിനിധികളും പ്രതികരിച്ചു.