പൊന്നാനി: പൊന്നാനിയിൽ കുന്നോളം ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. പൊന്നാനി ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചരണ മഹാമഹമാണ് ഇരു മുന്നണികളും പുറത്തെടുന്നത്. സ്വാധീന മേഖലകൾ കേന്ദ്രീകരിച്ച് പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ബി.ജെ.പിയും കൈമെയ് മറന്നുള്ള പ്രവർത്തനമാണ് പുറത്തെടുത്തത്. എസ്.ഡി.പി.ഐ സംഘടന സംവിധാനത്തിന്റെ പാരമ്യത്തോടെയായിരുന്നു പ്രചരണം. മോശക്കാരല്ലെന്ന് തെളിയിക്കാൻ പി ഡി പിയും ഗോദയിൽ സജീവമായി.
ലോക്സഭ തിരഞ്ഞെടുപ്പും പ്രചരണര രംഗവും ഏകപക്ഷീയമായിരുന്ന ഇന്നലെകളിൽ നിന്ന് പൊന്നാനി മാറിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു പ്രചരണ രംഗത്ത് പ്രകടമായ വീറും വാശിയും. പരമ്പരാഗത ഭൂരിപക്ഷത്തിലേക്കെത്താൻ മുസ്ലിം ലീഗും പൊന്നാനി പിടിക്കാൻ സി.പി.എം കച്ചമുറുക്കിയതാണ് പ്രചരണ രംഗത്തെ തീ പാറുന്നതിലേക്കെത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികൾ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മാത്രം പൊന്നാനിയിലെത്തിയിരുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടേതായിരുന്നു ഇന്നലെകളിലെ തിരഞ്ഞെടുപ്പ് ചിത്രം. എതിരാളി പൊന്നാനിയിൽ പ്രസക്തമായിരുന്നില്ല. അവിടെ നിന്നാണ് നേർക്കുനേരെയുള്ള പോരാട്ടത്തിലേക്കും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകളുടെ കണക്കിലേക്കും ശ്രദ്ധ തിരിയുന്നിടത്തേക്ക് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് രംഗം മാറിയത്.പരസ്യപ്രചരണത്തിന് കൊട്ടിക്കലാശമായപ്പോൾ 2009ലെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ഇ.ടി മുഹമ്മദ് ബഷീർ.പ്രചരണ രംഗത്തെ മുഴുവൻ സാധ്യതകളും പുറത്തെടുത്തത് ഭൂരിപക്ഷത്തിലെ വർദ്ധനവിന് വഴിയൊരുക്കുമെന്നാണ് യു.ഡി.എഫ് കണക്കാക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ സമകാലീക സാഹചര്യങ്ങൾ ഇ.ടിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നതാണ് മുസ്ലിം ലീഗിന്റെ ഉറച്ച വിശ്വാസം. ഇത്തവണ പൊന്നാനി പിടിക്കുമെന്നതിൽ യാതൊരു സംശയവും പിവി അൻവറിനില്ല. പൊന്നാനിയിൽ വിജയിച്ചില്ലെങ്കിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന പരസ്യ പ്രഖ്യാപനവും അൻവർ നടത്തിയിട്ടുണ്ട്. കണക്കുകളും പുതിയ വോട്ടർമാരുടെ പിന്തുണയും പൊന്നാനിയിൽ അട്ടിമറി ഉറപ്പാക്കുമെന്ന് എൽഡിഎഫ് ഉറച്ച് വിശ്വസിക്കുന്നു. പതിനായിരത്തിന് മുകളിൽ വോട്ടിന് പൊന്നാനിയിൽ ജയിക്കാനാകുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
നാല് ഘട്ടങ്ങളിലായി സ്ഥാനാർത്ഥി പര്യടനവും ആറ് ഘട്ടങ്ങളിലായി വീട് കയറിയുള്ള പ്രചരണവും യുഡിഎഫ് പൂർത്തിയാക്കി. ദേശീയ തലത്തിലെ ഇടി മുഹമ്മദ് ബഷീറിന്റെ ഇടപെടലുകളും പൊന്നാനിയിൽ നടത്തിയ വികസന വികസന പ്രവർനങ്ങളും അടങ്ങുന്ന രണ്ട് ബുക്ക് ലെറ്റുകളാണ് വീട് കയറിയുള്ള പ്രചരണത്തിന്റെ പ്രധാന ഉപകരണം.
കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊന്നാനിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മുസ്ലിം ലീഗ് ജനപ്രതിനിധികൾ മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്ന് അടിവരയിടുന്ന കുറ്റപത്രവുമായാണ് എൽഡിഎഫ് വോട്ടർമാരെ സമീപിച്ചത്.നിരന്തരമായി കുടുംബയോഗങ്ങളും ബൂത്ത് കമ്മിറ്റികളും വിളിച്ചു ചേർത്ത് പരസ്യപ്രചരണങ്ങൾക്കൊപ്പം താഴെക്കിടയിലുള്ള പ്രചരണത്തിലും ഇരു വിഭാഗവും സജീവമായി.
ചിഹ്നം പരിചയപ്പെടുത്തുന്നതിന് ബൂത്തടിസ്ഥാനത്തിൽ ഇടതുമുന്നണി സ്പെഷ്യൽ സ്ക്വാഡിനെയാണ് രംഗത്തിറക്കിയത്. ദേശീയ നേതാക്കളുടെ നിരയാണ് ഇത്തവണ പൊന്നാനിയിലെത്തിയത്. എഐസിസി അധ്യക്ഷൻ രാഹൂൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണത്തിനെത്തി. നിരവധി വിവാദങ്ങൾ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നെങ്കിലും പ്രചരണ രംഗത്തെ വീറും വാശിയിലും അവ നിഷ്പ്രഭമായി.ശക്തമായ വാദ കോലാഹലങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് നടന്നത്.ശക്തമായ ടീം ഇരുമുന്നണികൾക്കുമായി നിലയുറപ്പിച്ചു.ബിജെപി വൻ മുന്നേറ്റം സാധ്യമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിടി രമയുള്ളത്.
ബിജെപി വോട്ടുകൾ പുറമെ ഇരു മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് വോട്ട് ഒഴുകുമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ നേതൃത്വം. ബിജെപി കൂടുതലായി പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന ആശങ്ക ഇരു മുന്നണികൾക്കുമുണ്ട്. ശക്തമായ പ്രചരണം പുറത്തെടുത്ത എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണുള്ളത്. പിഡിപിയും ഇതേ പ്രതീക്ഷയിലാണ്. ഇവർ നേടുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്നത് നിർണ്ണായകമാണ്. അടിയൊഴുക്കാനുള്ള സാധ്യതകൾ ഇരുമുന്നണികളും പ്രതീക്ഷിക്കുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ നിർണ്ണായകമായി ബാധിക്കും.