തിരൂർ: മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം പ്രവാസികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തെന്ന് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായിരുന്ന ജനറൽ വി.കെ.സിങ്. തിരൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ വിദേശത്തുള്ള ഭാരതീയരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും യമനിലും ഗൾഫ് രാജ്യങ്ങളിലെ യുദ്ധമുണ്ടായപ്പോഴും സുരക്ഷിതമായി രക്ഷിച്ചു കൊണ്ടുവരാനും മോദി സർക്കാർ കൈകൊണ്ട നടപടി രാജ്യത്തിന്റെ അഭിമാനവും പ്രശസ്തിയും ഉയർത്തി. കഴിഞ്ഞ അറുപത് വർഷങ്ങൾ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിൽ കഴിഞ്ഞ അഞ്ചുവർഷം വലിയ മാറ്റങ്ങളുണ്ടായി. മോദി സർക്കാർ വികസനത്തിന് അടിത്തറ പാകിയിരിക്കുകയാണ്, പുരോഗതിയുടെ പാതയിലൂടെ മുന്നേറണോയെന്നത് നമ്മൾ തീരുമാനിക്കണം. കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും പേരുമാറ്റി വികലമാക്കി നടപ്പിലാക്കുന്നു. മോദിക്ക് മാത്രമേ രാജ്യത്തെ സുശക്തമായി മുന്നോട്ട് നയിക്കാനാകൂ. 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറും.
യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി വി.ടി.രമ, ബിജെപി ദേശീയ കൗൺസിലംഗങ്ങളായ കെ.ജനചന്ദ്രൻ, പി.ടി.ആലി ഹാജി, മേഖലാ ജനറൽ സെക്രട്ടറി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി രവിതേലത്ത്, ഡോ.കുമാരി സുകുമാരൻ, ഗീതാ മാധവൻ, എം.കെ.ദേവീദാസൻ,എൻ.അനിൽകുമാർ, മനോജ് പാറശ്ശേരി, പി.വി.ഗണേശൻ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാർ സ്വാഗതവും കറുകയിൽ ശശി നന്ദിയും പറഞ്ഞു.