മലപ്പുറം:വേനൽചൂടിനെ മറികടന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. ജില്ലയിൽ മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലായി വാശിയേറിയ കലാശക്കൊട്ടാണ് അരങ്ങേറിയത്. ഇന്നലെ വൈകിട്ട് ആറിനാണ് പരസ്യപ്രചാരണത്തിനു തിരശ്ശീല വീണത്.
കലാശക്കൊട്ട് പൊതുവേ സമാധാനപരമായിരുന്നു. വലിയ പ്രചാരണ വാഹനവ്യൂഹവും റോഡ് ഷോകളുമാണ് ആവേശം കൊട്ടാൻ ഇന്നലെ വൈകിട്ടോടെ നിരത്തിലിറങ്ങിയത്. കൊട്ടും ആരവവുമായി ഒഴുകിയെത്തിയ പ്രവർത്തകരുടെ ബൈക്ക് റാലികൾ, പാട്ടുവണ്ടികൾ, അനൗൺസ്മെന്റ് വാഹനങ്ങൾ എന്നിവകൊണ്ട് നാടുംനഗരവും നിറഞ്ഞു. മിക്കയിടത്തും കൊട്ടിക്കലാശം ശക്തിപ്രകടനമായി മാറി.
യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തരാണ് കലാശക്കൊട്ടിൽ നിരത്തിൽ സജീവമായത്. മുസ്ലിം ലീഗ്, കോൺഗ്രസ്, സി.പി.എം പതാകകളും കളർബലൂണുകളും വർണങ്ങളും അലങ്കരിച്ച വാഹനങ്ങളുമായി പ്രചാരണ വാഹനങ്ങളിൽ സജീവമായി നിരത്തിലുണ്ടായിരുന്നു. കളർ പൊടികൾ വിതറൽ, പടക്കം പൊട്ടിക്കൽ, ഇരുചക്ര വാഹനങ്ങളിൽ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോടെയുള്ള പ്രകടനം നടത്തൽ, നാസിക് ഡോൾ ഉപയോഗം എന്നിവക്കെല്ലാം വിലക്കേർപെടുത്തിയിരുന്നെങ്കിലും ഇതൊന്നും ഒരു പാർട്ടികളും പാലിക്കപെട്ടില്ല. ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി സ്ഥാനാർത്ഥികൾക്കു വോട്ടുതേടിയുള്ള വാഹനങ്ങളും പ്രചാരണത്തിനെത്തി. പ്രത്യേകം യൂനിഫോം അണിഞ്ഞും സ്ഥാനാർത്ഥിയുടെ പടവും ചിഹ്നങ്ങൾ പതിച്ച പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചാണ് പ്രവർത്തകർ റോഡിലിറങ്ങിയത്.
മലപ്പുറം നഗരത്തിൽ ട്രാഫിക് സർക്കിളിനു സമീപത്തേക്കും പെരിന്തൽമണ്ണ, താനൂർ, തിരൂർ നഗരങ്ങളിലും തീരദേശ മേഖലകളിലും കലാശക്കൊട്ടിന് അനുമതി നൽകിയിരുന്നില്ല. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള അവസാനഘട്ട പ്രചാരണത്തിനും തിരൂർ, പൊന്നാനി നഗരങ്ങളിൽ ഇന്നലെ വൈകിട്ട് മൂന്നിനു ശേഷം പ്രചാരണ വാഹനങ്ങൾ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ ചെറിയ നഗരങ്ങളിൽ ഉൾപ്പെടെ പൊലിസ് പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പാവേശം ഒട്ടും ചോരാതെയാണ് പൊലീസിന്റെ കടുത്ത നിയന്ത്രണത്തിലും മഞ്ചേരിയിൽ കൊട്ടി കലാശം പ്രവർത്തകൾ ആഘോഷമാക്കിയത്. നഗരത്തിൽ പ്രധാന നാല് റോഡുകളിലായാണ് കലാശക്കൊട്ട് നടന്നത്. കോഴിക്കോട് റോഡിലായിരുന്നു യു.ഡി.എഫിന്റെ കൊട്ടിക്കലാശം. പാണ്ടിക്കാട് റോഡിൽ എൽ.ഡി.എഫിന്റേയും നിലമ്പൂർ റോഡിൽ എൻ.ഡി.എയുടേയും പ്രവർത്തകർ അണിനിരന്നു. മലപ്പുറം റോഡ് എസ്.ഡി.പി.ഐക്കായിരുന്നു അനുവദിച്ചിരുന്നത്. പ്രവർത്തകരാരും തന്നെ നഗരമദ്ധ്യത്തിലേക്കിറങ്ങാൻ പാടില്ലെന്ന പൊലീസുമായി ഉണ്ടാക്കിയ ധാരണയും ആവേശം അണപൊട്ടിയപ്പോൾ പാലിക്കപെട്ടില്ല. എങ്കിലും സമാധാനാന്തരീക്ഷത്തിലാണ് കൃത്യ സമയത്ത് തന്നെ പരസ്യപ്രചരണം അവസാനിച്ച് പ്രവർത്തകർ പിരിഞ്ഞു പോയത്.