മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ പൊന്നാനിയുടെയും മലപ്പുറത്തിന്റെയും വിധിയെഴുതാൻ ജില്ലയിലെ 31.37 ലക്ഷം വോട്ടർമാർനാളെ പോളിംഗ് ബൂത്തിലെത്തും. 15,68,239 പുരുഷന്മാരും 15,67,944 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജെൻഡേഴ്സുമാണ് ഇത്തവണ സമ്മതിദാനവകാശം വിനിയോഗിക്കുക. ഇവരിൽ 1,579 സർവീസ് വോട്ടർമാരും 17,143 പ്രവാസി വോട്ടർമാരാണുള്ളത്. 16,590 പേർ പുരുഷന്മാരും 551 പേർ സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് പ്രവാസി വോട്ടർമാരായിട്ടുള്ളത്. കന്നി വോട്ടർമാരായി 84,438 പേരും പട്ടികയിലുള്ളത്. സംസ്ഥാനത്ത് എറ്റവും കൂടുതൽ കന്നി വോട്ടർമാരുളളതും മലപ്പുറം ജില്ലയിലാണ്. ഇതിൽ 51,267 പുരുഷ വോട്ടർമാരും 33,168 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻഡ്ജെൻഡേഴ്സും ഉൾപ്പെടുന്നു. 19,635 ഭിന്നശേഷി വോട്ടർമാരും ജില്ലയിലുണ്ട്. നാളെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. രാവിലെ ആറിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക് പോൾ നടത്തും.