മലപ്പുറം: പൊള്ളുന്ന വേനൽച്ചൂടിനെയും മറികടന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണാവേശങ്ങളുടെ വിധി ഇന്ന് വോട്ടർമാർ നിർണ്ണയിക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ്. ഇതിനുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ 31.37 ലക്ഷം വോട്ടർമാരാണുള്ളത്. 15,68,239 പുരുഷന്മാരും 15,67,944 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജെൻഡേഴ്സും. കന്നി വോട്ടർമാരായി 84,438 പേരുമുണ്ട്. സംസ്ഥാനത്ത് എറ്റവും കൂടുതൽ കന്നി വോട്ടർമാരുളളത് ജില്ലയിലാണ്. വി.വി. പാറ്റ് മെഷീൻ തകരാറ് ഏറെ വിവാദമുണ്ടാക്കിയ പശ്ചാത്തലത്തിൽ മെഷീനുകൾക്ക് തകരാറുണ്ടായാൽ ഉടൻ പരിഹരിക്കാനായി ഇലക്‌ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ 77 എൻജിനീയർമാർ ജില്ലയിലെത്തിയിട്ടുണ്ട്.
20 സ്ഥാനാർത്ഥികളാണ് ജില്ലയിൽ മത്സരിക്കുന്നത്. ഇതിൽ നാല് സ്ഥാനാർത്ഥികൾക്ക് മാത്രമാണ് സ്വന്തം പേരിന് നേരെ വിരലമർത്താനുള്ള അവസരമുള്ളത്. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പി. അബ്ദുൽ മജീദ് ഫൈസി, പൊന്നാനിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി. രമ, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.സി. നസീർ എന്നിവർക്കാണ് മത്സരിക്കുന്ന മണ്ഡലത്തിൽ തന്നെ വോട്ടുള്ളത്.
മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.പി. സാനു, എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലും പൊന്നാനിയിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് വയനാട് ലോക്‌സഭ മണ്ഡലത്തിലുമാണ് വോട്ട്. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന് മലപ്പുറത്താണ് വോട്ട്. പി.ഡി.പി സ്ഥാനാർത്ഥികളായ പൂന്തുറ സിറാജിനും നിസാർ മേത്തറിനും ജില്ലയ്ക്ക് പുറത്താണ് വോട്ട്.
പാണക്കാട് പി.കെ.എം.എം എ.എൽ.പി സ്കൂളിലെ 97ാം നമ്പർ ബുത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട്. വി.പി സാനു വളാഞ്ചേരി പാണ്ടികശാല ഹയാത്തുൽ ഇസ്‌ലാം 166ാം നമ്പർ ബൂത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ തിരൂർ കന്മനം ജി.എൽ.പി സ്കൂളിലും വോട്ട് ചെയ്യാനെത്തും. ഇ.ടി മുഹമ്മദ് ബഷീർ വാഴക്കാട് മപ്രം ജി.എം.എൽ.പി സ്കൂളിലും പി.വി. അൻവർ ഒതായി പെരകമണ്ണ മദ്രസയിലെ 90ാം നമ്പർ ബൂത്തിലും വി.ടി. രമ കുമരനെല്ലൂർ 22ാം നമ്പർ ബൂത്തിലും വോട്ടു ചെയ്യും. പി. അബ്ദുൽ മജീദ് ഫൈസിക്ക് മഞ്ചേരി പുല്ലൂർ ഗവ. യു.പി. സ്കൂളിലും കെ.സി. നസീറിന് ആതവനാട് ചെലൂർ എം.എം.എൽ.പി സ്കൂളിലുമാണ് വോട്ട്.
മലപ്പുറത്തും പൊന്നാനിയിലും മുന്നണികളും സ്വതന്ത്ര സ്ഥാനാത്ഥികളും ഏറെ പ്രതീക്ഷകളിലും കണക്കുകൂട്ടലുകളിലുമാണ്. മണ്ഡലത്തിന്റെ ചുമതലകൾ വഹിക്കുന്ന പ്രധാന ഭാരവാഹികളുടെ അവലോകന യോഗങ്ങൾ ഇന്നലെ ചോർന്നു. വാശിയേറിയ മത്സരം നടക്കുന്ന പൊന്നാനിയിലും രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിലും പാർട്ടി വോട്ടുകൾ പരമാവധി പോൾ ചെയ്യിപ്പിക്കും. ഇതിനായി ബൂത്ത് തലത്തിൽ പ്രവർത്തകർക്ക് പ്രത്യേക ചുമതലയേകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ബൂത്ത് ഏജന്റുമാരെ എല്ലാ ബൂത്തുകളിലും നിയോഗിച്ചെന്ന് ഉറപ്പുവരുത്തി. വാട്സ് ആപ്പ് വഴി വോയ്സ് റെക്കോർഡുകളുമായി അവസാനവട്ട വോട്ടഭ്യർത്ഥനയും സ്ഥാനാർത്ഥികൾ നടത്തി.
പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറിന് ഒരുലക്ഷവും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണത്തെ 1.71 ലക്ഷവും മറികടക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ അവകാശവാദം. പ്രചാരണത്തിന്റെ തുടക്കത്തിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ ഉയർന്ന ആരോപണങ്ങൾ മറികടക്കാനായതും വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിയെത്തിയതും പി.വി. അൻവറിന്റെ രാജിപ്രഖ്യാപനത്തോടെ ഇടതു ക്യാമ്പിലെ അസ്വാരസ്യം പുറത്തേക്ക് വന്നതെല്ലാം തുണയ്ക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.
പൊന്നാനിയിൽ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. ലീഗ് വർഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടുന്നതും ഫാസിസത്തിനെതിരെ ശക്തമായി പോരാടുന്നത് ഇടതുപക്ഷമാണെന്നതും വോട്ടർമാരെ സ്വാധീനിക്കും. വികസനമെത്തിക്കുന്നതിലെ സിറ്റിംഗ് എം.പിയുടെ പരാജയവും തീരമേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളും പ്രളയ പുനരധിവാസവുമെല്ലാം തുണയ്ക്കുമെന്ന് ഇടതുപക്ഷവും കണക്കുകൂട്ടുന്നു. അട്ടിമറി വിജയമുണ്ടാവുമെന്ന് വ്യക്തമാക്കുന്ന നേതൃത്വം ഭൂരിപക്ഷം സംബന്ധിച്ച അവകാശവാദത്തിന് തയ്യാറല്ല.
വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി ക്യാമ്പ്. ആചാര സംരക്ഷണത്തിൽ പാർട്ടിയെടുത്ത നിലപാടുകളും കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും തുണയ്ക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടൽ.