cam
.

മലപ്പുറം: വോട്ടെടുപ്പ് ദിനത്തിൽ പ്രശ്‌നബാധിത ബൂത്തുകളിലെ സംഭവവികാസങ്ങൾ ഒപ്പിയെടുക്കാൻ പ്രത്യേക കാമറ സംവിധാനം. ജില്ലയിലെ 55 പ്രശ്‌നബാധിത ബൂത്തുകളിൽ നിന്നുള്ള വോട്ടെടുപ്പ് ദൃശ്യങ്ങൾ തത്സമയം ലഭ്യമാക്കാനും രേഖപ്പെടുത്താനും അക്ഷയയും ഐ.ടി മിഷനുമാണ് വെബ്കാം സംവിധാനമൊരുക്കിയിരിക്കുന്നത്. കെൽട്രോണിന്റെ പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം. ഇതിനായി തിങ്കളാഴ്ച ട്രയൽ റൺ നടത്തി.
വോട്ടെടുപ്പ് ദിനത്തിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രശ്‌നബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ വെബ്കാമിലൂടെ തത്സമയം ലഭ്യമാക്കും. ഈ ദൃശ്യങ്ങൾ അത്രയും കെൽട്രോണിന്റെ സോഫ്റ്റ്‌വെയർ മുഖേന രേഖപ്പെടുത്തും. ജില്ലയിലെ അക്ഷയ സംരംഭകരാണ് ഇതിന് മേൽനോട്ടം വഹിക്കുന്നതെന്ന് ജില്ലാ പ്രൊജക്ട് മാനേജർ മെവിൻ വർഗ്ഗീസ് പറഞ്ഞു. കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ആറ് ജീവനക്കാരും പോളിംഗ് ബൂത്തുകളിലേക്കായി അക്ഷയ സംരംഭകരുടെ 78 പ്രതിനിധികളെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഇവർക്ക് പുറമെ കൺട്രോൾ റൂമിൽ ആറ് ഐ.ടി മിഷൻ ജീവനക്കാരുമുണ്ട്. പോളിംഗ് ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ലഭ്യമാക്കാനായി ബി.എസ്.എൻ.എല്ലാണ് ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നത്. സെക്ടറൽ ഓഫീസർമാർ പോളിംഗ് ബൂത്തുകളിലേക്കുള്ള വൈദ്യുതി ലഭ്യതയും ഉറപ്പാക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂർ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും തീരമേഖലയിലുമാണ് വെബ്കാം സംവിധാനമൊരുക്കിയിട്ടുള്ളത്. ഇത്തരം മേഖലകളിൽ കേന്ദ്രസേനയുടേത് ഉൾപ്പെടെ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.