ggg
.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളും മറ്റ് പോളിംഗ് സാമഗ്രികളും വിതരണം ചെയ്തു. ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ നിന്നായാണ് 16 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്തത്. അതത് നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്നും സാമഗ്രികൾ ഏറ്റുവാങ്ങി പൊലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളിൽ അതതു ബൂത്തുകളിലേക്കു പോയി.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വിപാറ്റ്, വോട്ടേഴ്‌സ് രജിസ്റ്റർ, വോട്ടേഴ്‌സ് സ്ലിപ്പ്, വോട്ടർ പട്ടികകൾ, ബാലറ്റ് പേപ്പറുകൾ തുടങ്ങി 18 തരം ഫോറങ്ങൾ, 25 ഇനം കവറുകൾ, ഒമ്പതിനം സൂചനാ ബോർഡുകൾ, 20 തരം സ്റ്റേഷനറികൾ തുടങ്ങിയവയാണ് ഓരോ പോളിംഗ് ബൂത്തിലേക്കും നൽകിയത്. വോട്ടെടുപ്പിനു ശേഷം സാമഗ്രികൾ ഏറ്റുവാങ്ങിയ കേന്ദ്രങ്ങളിൽ തന്നെ തിരിച്ചെത്തിക്കും. തുടർന്ന് വോട്ടിംഗ് മെഷീനുകൾ ഇന്ന് രാത്രിയോടെ അതത് മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് മാറ്റും.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽപ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ.കോളേജിൽ എത്തിക്കും. പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽപെട്ട തിരൂരങ്ങാടി, തിരൂർ, താനൂർ, കോട്ടയ്ക്കൽ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം സെന്റ് ജെമ്മാസ് എച്ച്.എസ്.എസിലെത്തിക്കും. തവനൂർ, പൊന്നാനി, തൃത്താല നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിൽ എത്തിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിൽപെട്ട ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകൾ നിലമ്പൂർ
ഗവ.മാനവേദൻ വി.എച്ച്. എസ്.എസിലെത്തിക്കും.