മലപ്പുറം: ചുട്ടുപൊള്ളുന്ന വെയിൽച്ചൂടിനെയും മറികടന്ന് ഒന്നരമാസത്തോളം നീണ്ട വാശിയേറിയ പോരാട്ടം വെറുതെയായില്ലെന്ന് തെളിയിക്കുന്നതാണ് ജില്ലയുടെ ഉയർന്ന പോളിംഗ് ശതമാനം. വോട്ടിംഗിന്റെ തലേദിവസം തിമിർത്ത് പെയ്ത മഴയ്ക്ക് പിന്നാലെ പോളിംഗ് ബൂത്തിലേക്കും വോട്ടുകൾ ഒഴുകുന്ന കാഴ്ച്ചയായിരുന്നു. മലപ്പുറം, പൊന്നാനി, വയനാട് ലോക്സഭ മണ്ഡലങ്ങളിൽ രാവിലെ മുതൽ കനത്ത പോളിംഗായിരുന്നു. മഴയെ പേടിച്ച് മിക്കവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയത് തിരക്ക് ഇരട്ടിപ്പിച്ചു. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളും പ്രായമായവരുമടക്കം നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തിയ കാഴ്ച്ചയുമുണ്ടായി.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ രാവിലെ മുതൽ കനത്ത പോളിംഗായിരുന്നു. ഉച്ചയോടെ തന്നെ പകുതി വോട്ടുകളും പെട്ടിയിലായി. വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പത്ത് ശതമാനത്തിലധികം വോട്ടുകൾ വയനാട്ടിൽ പോൾ ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നിലായി മലപ്പുറവും പൊന്നാനിയുമുണ്ടായിരുന്നു. തുടക്കം മുതൽ ശക്തികേന്ദ്രങ്ങളിലെ വോട്ടിംഗ് വർദ്ധിപ്പിക്കാനായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. ശക്തമായ മത്സരം നടക്കുന്ന പൊന്നാനിയിൽ ലീഗിന്റെ തട്ടകങ്ങൾ തുടക്കം മുതൽ പോളിംഗിൽ മുന്നിലായിരുന്നു. തിരൂരങ്ങാടിയും കോട്ടയ്ക്കലും മുന്നിട്ടുനിന്നത് ലീഗിന് പ്രതീക്ഷയേകുന്നുണ്ട്. താനൂരും തൃത്താലയും പോളിംഗിൽ മുന്നിലുള്ളത് ഇടതിനും ശക്തി പകരുമ്പോൾ പൊന്നാനി തുടക്കം മുതൽ പിന്നാക്കം നിന്നത് ആശങ്കയുമേകുന്നു. തൃത്താലയിലെ വോട്ടിംഗ് ഉയർന്നത് തുണയാകുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസി കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി വി.ടി. രമ. ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥിരമായി പിന്തുണയ്ക്കുന്ന തൃത്താലയുടെ ചരിത്രമാണ് ഇടതുപക്ഷത്തിന് പ്രതീക്ഷയേകുന്നത്.
ജില്ലയിൽ എവിടെയും കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ 55 പ്രശ്നബാധിത ബൂത്തുകളിൽ സായുധ പൊലീസിന്റെയും സൂക്ഷ്മ നിരീക്ഷകരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോവാദി ഭീഷണി നിലനിൽക്കുന്നയിടങ്ങളിൽ നക്സൽ വിരുദ്ധ സേനയുമെത്തി.
മുപ്പതോളം ഇടങ്ങളിൽ വോട്ടിംഗ് മെഷീനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടെങ്കിലും മിക്കയിടങ്ങളിലും വൈകാതെ തന്നെ പോളിംഗ് പുനരാരംഭിച്ചു. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ നന്നമ്പ്ര ചെറുമുക്ക് വെസ്റ്റിലെ 8877ാം നമ്പർ ബൂത്തിൽ രണ്ടര മണിക്കൂറോളം വോട്ടിംഗ് മെഷീൻ തകരാറിലായി.
രാവിലെ പത്തിന് മുടങ്ങിയ വോട്ടിംഗ് ഉച്ചയ്ക്ക് ഒരുമണിക്കാണ് പുനരാരംഭിക്കാനായത്. പുതുതായി സ്ഥാപിച്ച മെഷീനും അരമണിക്കൂർ പണിമുടക്കിയെങ്കിലും പിന്നീട് തടസ്സമില്ലാതെ പോളിംഗ് നടന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മിക്കയിടങ്ങളിലും വൈദ്യുതി തകരാർ നേരിട്ടത് മോക് പോളിംഗിൽ വലിയ പ്രതിസന്ധിയുണ്ടാക്കി.
മൊബൈലിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തിയത്. അതേസമയം കൃത്യസമയത്ത് തന്നെ പോളിംഗ് തുടങ്ങിയിരുന്നു. മഴ പെയ്ത് പോളിംഗ് സാമഗ്രികൾ നനഞ്ഞതോടെ മലപ്പുറം മുണ്ടുപറമ്പിൽ ബൂത്തുകൾ മാറ്റി സ്ഥാപിച്ചു.