kkk
കാറ്റിൽ നശിച്ച വാഴകൾ

എടക്കര: വേനൽമഴയും കാറ്റും തകർത്തെറിഞ്ഞത് പെരിച്ചാത്ര ബാലനെന്ന കർഷകന്റെ സ്വപ്നങ്ങൾ. ചൊവ്വാഴ്ച തിമിർത്താടിയ കാറ്റിൽ നശിച്ചത് ബാലന്റെ 1200ലേറെ കുലച്ച വാഴകൾ. ഉദിരക്കുളം സ്വദേശിയായ ബാലൻ എടക്കര ദുർഗാ ക്ഷേത്രത്തിന് സമീപം മേനോൻപൊട്ടിയിൽ പാട്ടകൃഷി ചെയ്തിരുന്ന വാഴത്തോട്ടമാണ് കാറ്റിൽ തകർന്നടിഞ്ഞത്. നാലേക്കർ വരുന്ന ഭൂമി പാട്ടത്തിനെടുത്താണ് ബാലൻ വാഴക്കൃഷി നടത്തിയിരുന്നത്. ആകെ നാലായിരം വാഴകളാണുണ്ടായിരുന്നത്. ഓണത്തിന് മുമ്പായി കുലകൾ വെട്ടാവുന്ന രിതിയിലാണ് കൃഷി ആരംഭിച്ചത്. വാഴകൾ കുലച്ച് ഒന്നര മാസം കഴിഞ്ഞ സമയത്താണ് വേനൽമഴയുടെയും കാറ്റിന്റെയും സംഹാരതാണ്ഡവമുണ്ടായത്. അഞ്ച് ലക്ഷം രൂപയിലേറെ വാഴക്കൃഷിക്ക് ചെലവ് വന്നിട്ടുണ്ടെന്ന് ബാലൻ പറയുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് ബാലൻ കൃഷിയിറക്കിയിരുന്നത്. വാഴകളുടെ ഇടയിൽ വിവിധ പച്ചക്കറികളും നട്ടിരുന്നു. രണ്ടായിരത്തോളം മുരട് പയർ പൂവിട്ട് കായ്ക്കാൻ തുടങ്ങിയിരുന്നു. ഇവയെല്ലാം കാറ്റിൽ നശിച്ചു. വാഴകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെന്ന ആശ്വാസം മാത്രമാണ് ബാലനുള്ളത്. മൂന്ന് ലക്ഷം രൂപയോളം ലാഭം പ്രതീക്ഷിച്ചിരുന്ന ബാലന് മുടക്കുമുതൽ പോലും ഇത്തവണ ലഭിക്കില്ല.