മലപ്പുറം: പുത്തൻ അദ്ധ്യയന വർഷം ജില്ലയിലെ എൽ.പി, യു.പി സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഇനി അദ്ധ്യാപകരില്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങില്ല. ഇരു വിഭാഗങ്ങളിലുമായി 1,352 പുതിയ അദ്ധ്യാപകർക്കാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. എൽ.പിയിൽ 1,022 പേർക്കും യു.പിയിൽ 330 പേർക്കും നിയമന ശുപാർശ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ ലഭിച്ചത് ജില്ലയിലാണ്. ഇവർക്കെല്ലാം ജൂണിൽ തന്നെ നിയമന ഉത്തരവ് നൽകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്.
അദ്ധ്യാപകരുടെ കുറവ് പഠന പാഠ്യേതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനങ്ങൾ നടത്തിയാണ് പലയിടത്തും അദ്ധ്യാപനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. അദ്ധ്യാപന ശേഷി വർദ്ധിപ്പിക്കുന്നതിനും പാഠ്യരീതിയിൽ നവീനമാറ്റങ്ങൾ കൊണ്ടുവരാനും മറ്റുമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരിശീലന ക്ലാസുകളൊന്നും താത്ക്കാലിക അദ്ധ്യാപകർക്ക് ലഭിക്കുന്നില്ല. ഇതു കുട്ടികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ഥിരാദ്ധ്യാപകരുടെ നിയമനത്തോടെ ഇതിനെല്ലാം പരിഹാരമാവും.
എൽ.പി, യു.പി റാങ്ക് പട്ടികയിലെ നിയമനത്തെ ചൊല്ലി ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകിയതോടെയാണ് നിയമനം നീണ്ടുപോയത്.
നിയമനം നീണ്ടതെങ്ങനെ?
2014ലാണ് എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്.
അദ്ധ്യാപക യോഗ്യതാ പരീക്ഷയായ കെ.ടെറ്റ്, സി- ടെറ്റ് വിജയിക്കണമെന്ന മാനദണ്ഡമുൾപ്പെടുത്താതെയായിരുന്നു പരീക്ഷയുടെ വിജ്ഞാപനമിറക്കിയത്. ഇതിനെതിരെ യോഗ്യതാ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് നൽകിയതോടെ നിയമനം നീണ്ടു.
നിയമനത്തിന് അഡ്മിനിട്രേറ്റീവ് ട്രിബ്യൂണൽ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി താത്ക്കാലികമായി നീക്കിയതിനെ തുടർന്നാണ് നിയമന നടപടികൾ പി.എസ്.സി വേഗത്തിലാക്കിയത്.
2016 ആഗസ്റ്റ് 30ന് മുമ്പുള്ള ഒഴിവുകളിലേക്കേ നിയമനം നടത്താവൂ എന്നായിരുന്നു ഹൈക്കോടതി നിലപാട്. ഈ കാലയളവ് വരെയുള്ള ഒഴിവുകൾ നാമമാത്രമാണെന്നും തീയതിയുടെ കാര്യത്തിൽ ഇളവ് അനുവദിക്കണമെന്നും പി.എസ്.സി കോടതിയെ അറിയിച്ചു.ഇതനുവദിച്ചതോടെയാണ് നിലവിൽ നിയമന നടപടികൾ പുരോഗമിക്കുന്നത്.
അതേസമയം കേസിന്റെ അന്തിമവിധിയുടേെ അടിസ്ഥാനത്തിലാവും നിയമനമെന്ന് നിയമന ശുപാർശയിൽ പി.എസ്.സി പറയുന്നു.
സംസ്ഥാനത്താകെയുള്ള ഒഴിവുകൾ 6,400
നിലവിൽ നിയമന ശുപാർശ ലഭിച്ചത് 3,382 പേർ