മലപ്പുറം: പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നാളെ പൂക്കോട്ടൂർ ഖിലാഫത്ത് കാമ്പസിൽ രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ സമാപനദിന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പ്രാർത്ഥനാ സംഗമത്തിന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വമേകും. ഹജ്ജ് ഗൈഡ് പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പഠന ക്യാമ്പിന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വമേകും.
സർക്കാർ, സ്വകാര്യ മേഖലയിൽ ഹജ്ജിന് അപേക്ഷിച്ച പതിനായിരത്തോളം പേർ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കും. അനുഷ്ഠാനങ്ങളുടെ കർമ്മശാസ്ത്ര പഠനം, പുണ്യസ്ഥലങ്ങളുടെ സവിശേഷതകൾ, അന്താരാഷ്ട്ര യാത്രാ നിയമങ്ങൾ, പ്രധാന അനുഷ്ഠാനങ്ങളുടെ പ്രായോഗിക പരിജ്ഞാനം തുടങ്ങിയവ ക്ലാസിൽ പ്രതിപാദിക്കും.
ക്ലാസിനെത്തുന്നവർക്ക് രാവിലെ ഒമ്പതിന് മുമ്പായി പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ അറവങ്കര, പൂക്കോട്ടൂർ സ്റ്റോപ്പുകളിൽ നിന്നും വൈകിട്ട് തിരിച്ചും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.മുഹമ്മദുണ്ണി, എ.എം കുഞ്ഞാൻ, കെ.പി ഉണ്ണീതു, കെ.എം അക്ബർ പങ്കെടുത്തു.