വഴിക്കടവ്: നിലമ്പൂർ മൂത്തേടം നെല്ലിക്കുത്ത് പൂളക്കപ്പാറയിൽ ആദിവാസി കോളനിയിലെ ഉത്സവത്തിനിടെ കാറ്റിലും മഴയിലും മരം കടപുഴകിവീണ് രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ മരിച്ചു. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി (59), അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി ( 61), മൂത്തേടം പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ (60) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വനാതിർത്തിയിലെ കോളനി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. ഇതിനിടെ, ഉത്സവത്തോടനുബന്ധിച്ച് പൂജ നടന്ന സ്ഥലത്തിന് സമീപമുള്ള വലിയ മരുതമരം ആളുകൾക്കിടയിലേക്ക് മൂടോടെ പിഴുതുവീഴുകയായിരുന്നു. തലയിൽ മരം വീണ മൂന്നുപേർ തത്ക്ഷണം മരിച്ചു. പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്നാണ് മരം വെട്ടി നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പൂളക്കപ്പാറ കോളനിയിലെ വേണുവിന്റെ മക്കളായ അനന്യ( 6), രേണുക(10) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവച്ചടങ്ങിലേക്ക് സമീപത്തെ ആദിവാസി കോളനികളിൽ നിന്നുമായി 150ഓളം പേർ എത്തിയിരുന്നു.
മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.എ. ശിവദാസൻ ജില്ലാ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.