kseb
വീട്ടമ്മമാരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിക്കുന്നു

എടക്കര: വേനൽ മഴയിൽ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ തയ്യാറാവാത്ത അധികൃതരുടെ നടപടിക്കെതിരെ വീട്ടമ്മമാർ സെക്ഷൻ ഓഫീസ് ഉപരോധിച്ചു. പോത്തുകൽ പഞ്ചായത്തിലെ കല്ലായിപ്പാറ, മൂച്ചിക്കൽ, വിളക്കണ്ടംപാറ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം പേരാണ് രാവിലെ ഏഴിന് കെ.എസ്.ഇ.ബി പോത്തുകൽ സെക്ഷൻ ഓഫീസ് ഉപരോധിച്ചത്. പത്ത് ദിവസം മുമ്പുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകൾ പൊട്ടിവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം പാടെ തകരാറിലായിരുന്നു. നിരവധി തവണ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് സമരക്കാർ പറയുന്നു. സമരക്കാരെ കണ്ടതോടെ ജീവനക്കാർ വാഹനത്തിൽ സാധനങ്ങൾ കയറ്റി പോകാൻ ശ്രമിച്ചു. എന്നാൽ വീട്ടമ്മമാർ കെ.എസ്.ഇ.ബിയുടെ വാഹനവും ജീവനക്കാരെയും തടയുകയാണുണ്ടായത്. തങ്ങളുടെ പ്രശ്‌നം പരിഹരിക്കാതെ ആരേയും പോകാൻ അനുവദിക്കില്ലെന്ന വാശിയോടെ ജനകീയസമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ മുദ്രാവാക്യം വിളിയുമായി ഓഫീസിന് മുൻപിൽ തുടർന്നു. ഇതോടെ പോത്തുകൽ എ.എസ്.ഐ കെ.ജി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരൻ പിള്ള എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. അടിയന്തിരമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് സ്ത്രീകൾ പിരിഞ്ഞത്. വെള്ളവും, വെളിച്ചവുമില്ലാതെ നൂറ് കണക്കിന് കുടുംബങ്ങളാണ് കഴിഞ്ഞ പത്ത് ദിവസമായി ദുരിതത്തിലായത്. പ്രദേശത്തെ മൂന്ന് അർബുദ രോഗികളും, മറ്റ് അഞ്ച് കിടപ്പ് രോഗികളും ഏറെ വലഞ്ഞതായി സമരക്കാൻ പറഞ്ഞു.