തിരുരങ്ങാടി: നന്നമ്പ്ര, തിരൂരങ്ങാടി മേഖലയിലെ ആയിരത്തോളം ഹെക്ടർ നെൽപാടങ്ങളിലേക്ക് ജലസേചനത്തിനായി ആശ്രയിക്കുന്ന പെരുംതോട് ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യം.ചെമ്മാട് വെഞ്ചാലി പമ്പ് ഹൗസിന് സമീപത്തെ കാപ്പിൽ നിന്ന് തുടങ്ങി ചെറുമുക്ക്, തിരൂരങ്ങാടി, കക്കാട്, ചുള്ളിപ്പാറ, കരുമ്പിൽ, വെന്നിയൂർ വഴി കപ്രാടിൽ അവസാനിക്കുന്ന പെരുംതോട് പലയിടങ്ങളിലും തോടെന്നത് പേരിന് മാത്രമായിട്ടുണ്ട്. അഞ്ച് മീറ്റർ മുതൽ ഏഴ് മീറ്റർ വരെ വിസ്തൃതിയുള്ള പെരുംതോടിൽ മണ്ണ് നിറഞ്ഞതോടെ ഇതുവഴി വെള്ളമെത്തിക്കാൻ കർഷകർക്ക് കഴിയുന്നില്ല.
തോട്ടിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നീക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇതുന്നയിച്ച് അധികാരികൾക്ക് പലതവണ പരാതിയും നിവേദനങ്ങളും നൽകിയെങ്കിലും യാതൊരു നടപടിയുമായിട്ടില്ല. ഇതോടെ ചിലയിടങ്ങളിൽ സ്വന്തം ചിലവിൽ ചില കർഷകർ ജെ സി ബി ഉപയോഗിച്ച് പെരുംതോടും മറ്റു ചെറിയ തോടുകളും ആഴം കൂട്ടിയിട്ടുണ്ട്. പെരുംതോടിന്റെ വീതി എല്ലായിടത്തും ഏഴ് മീറ്ററാക്കി ആഴം കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം. ഇങ്ങനെയെങ്കിൽ ജലസേചനത്തിനായി കർഷകർ ദുരിതമനുഭവിക്കേണ്ടി വരില്ല.
ചെറുമുക്ക് പള്ളിക്കത്തായം ഭാഗത്ത് തടയണ നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യവും അധികൃതർ ചെവികൊണ്ടിട്ടില്ല. കർഷകർ സ്വന്തം ചിലവിൽ താത്ക്കാലിക തടയണ കെട്ടി കൃഷിക്കാവശ്യമായ വെള്ളം സംഭരിക്കുകയാണ് ചെയ്യുന്നത്. യഥാവിധി ജലസേചന മാർഗങ്ങളില്ലാത്തത് മൂലം ഈ ഭാഗത്ത് 250ലധികം ഏക്കർ ഭൂമിയിൽ കൃഷി ഇറക്കാതെ വെറുതെയിട്ടിരിക്കുകയാണ്. കൃഷി, ഇറിഗേഷൻ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയുമായില്ലെന്ന് പാടശേഖര സമിതി സെക്രട്ടറി മനരിക്കൽ ഗഫൂർ പറഞ്ഞു.