പൊന്നാനി: കടൽഭിത്തി ഇല്ലാത്തതിനാൽ പൊന്നാനി തീരദേശത്ത് കടൽ കയറി ദുരിതമനുഭവിക്കുന്ന ലൈറ്റ് ഹൗസ് ഭാഗത്തെ തീരദേശ നിവാസികളുടെ പ്രശ്നങ്ങൾക്ക് സ്പീക്കർ ഇടപെട്ട് പരിഹാരമാകുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി നേടിയാണ് കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കുന്നത്. തുടർച്ചയായി കടക്ഷോഭത്താൽ ഭീതിയിലാഴ്ന്ന തീരദേശ നിവാസികളുടെ പ്രശ്നത്തിന് ഇതോടെ ശാശ്വത പരിഹാരമാകും.
കടൽഭിത്തി നിർമ്മാണത്തിനായി നേരത്തെ 65 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തികരിച്ച് കരാർ വെയ്ക്കാൻ തുടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കരാർ നടപടി ആരംഭിക്കാൻ സാധിക്കാതിരിക്കുകയും നിർമ്മാണം നീണ്ടു പോകുകയും ചെയ്തത്. തീരദേശ നിവാസികളുടെ ജീവസുരക്ഷയെ മുൻനിർത്തിയാണ് നിർമ്മാണത്തിനായി പ്രത്യേക അനുമതി ലഭിച്ചിരിക്കുന്നത്.
പൊന്നാനി ലൈറ്റ് ഹൗസിന് വടക്കു മാറി 100 മീറ്ററിലധികം കടൽ ഭിത്തി ഇല്ലാത്തതിനാൽ കടുത്ത ദൂരത്തിലാണ്. ലൈറ്റ് ഹൗസ് ഭാഗത്ത് കടൽ കയറുന്നത് തടയാനായി 75 ലക്ഷം രൂപ ചെലവഴിച്ച് കടൽഭിത്തി നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലേറ്റത്തെ തുടർന്ന് ഈ മേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. തിരമാലകൾക്കൊപ്പം മണലും വീടുകളിലേക്ക് കയറുന്നതിനാൽ കടുത്ത ദുരിതമാണ് തീരവാസികൾ അനുഭവിക്കുന്നത്. വർഷക്കാലം ആരംഭിക്കുന്നതോടെ കടലാക്രമണം രൂക്ഷമാകുന്നത് കടൽഭിത്തിയില്ലാത്ത തീരത്ത് ദുരിതം ഇരട്ടിയാക്കും.