പൊന്നാനി:കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിലെ ബോട്ടുകൾ കരക്കടുപ്പിച്ചു. മത്സ്യമേഖല വീണ്ടും വറുതിയിലേക്ക്. അടുത്ത ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ന്യൂനമർദ്ദത്തിന്റെ ഫലമായി ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ബോട്ടുകൾ കരക്കടുപ്പിച്ചത്.
ഞായറാഴ്ച രാവിലെ മുതൽ കേരളത്തിലെ തീരമേഖലയിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, തിങ്കളാഴ്ച മണിക്കൂറിൽ 40 മുതൽ 50 വരെ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്ന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബോട്ടുകൾ കരക്കടുപ്പിച്ചത്.നേരത്തെ മൽസ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളും, വ്യാഴാഴ്ച തിരിച്ചെത്തിയിരുന്നു. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകളാണ് ശനിയാഴ്ച കരക്കടുപ്പിച്ചത്.
രണ്ടു ദിവസങ്ങളിലായി വള്ളങ്ങൾ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് കൂടുതൽ ആഴക്കടലിലേക്ക് പോകാതെ തീരക്കടലിലാണ് മത്സ്യ ബന്ധനം നടത്തുന്നത്. അതേസമയം ഇടയ്ക്കിടെയുണ്ടാകുന്ന ജാഗ്രത നിർദ്ദേശങ്ങളിൽ വലയുകയാണ് ബോട്ടുകൾ. ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ നിന്ന് കാര്യമായ മത്സ്യം ലഭിക്കാതെ വെറും കയ്യോടെ മടങ്ങുന്നതിനിടയിൽ, ജാഗ്രത നിർദ്ദേശത്തെത്തുടർന്ന് ദിവസങ്ങളോളം ബോട്ടുകൾ കരക്കടുപ്പിക്കന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ള സീസണിൽ സാധാരണ ഗതിയിൽ കൂന്തളും, വലിയ ചെമ്മീനും ലഭിക്കാറുണ്ടെങ്കിലും, ഈ സീസണിൽ വലിയ മത്സ്യങ്ങൾ ഇതുവരെ ലഭിച്ചില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള രണ്ടു മാസക്കാലം ലക്ഷങ്ങളുടെ വലിയ മത്സ്യമാണ് ലഭിക്കേണ്ടത്. കിലോക്ക് 250 മുതൽ 300 രൂപ വരെ ലഭിക്കുന്ന കൂന്തളും, വലിയ ചെമ്മീനും, മറ്റിടങ്ങളിലേക്ക് കയറ്റിപ്പോകുമ്പോൾ ബോട്ടുടമകൾക്കും, ട്രോളിംഗ് നിരോധന കാലത്തെ കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയാണ്. എന്നാൽ ഈ സീസണിൽ കിലോക്ക് പ്രാദേശിക മാർക്കറ്റുകളിൽ 50 രൂപ മുതൽ 80 രൂപ വരെ ലഭിക്കുന്ന മാന്തൾ, കിളിമീൻ തുടങ്ങിയവ മാത്രമാണ് കിട്ടുന്നത്.
വലിയ വള്ളങ്ങൾക്ക് അയല, മത്തി, ചെമ്പല്ലി തുടങ്ങിയവ പേരിന് മാത്രമാണ് കിട്ടുന്നത്.ഇതിൽ മത്തിയുടെ ലഭ്യത കുറഞ്ഞത് മറ്റു മത്സ്യ ബന്ധന യാനങ്ങളും ആശങ്കയോടെയാണ് കാണുന്നത്. നൂറ് രൂപയിൽ താഴെ വിലയുള്ള മത്സ്യങ്ങൾ മാത്രം ലഭിക്കുന്നതിനാൽ നഷ്ടക്കണക്കുകൾ മാത്രമാണ് തീരത്തിന് പറയാനുള്ളത്. ബോട്ടുകൾ കടലിലിറങ്ങി മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധന ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടി വരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽ തങ്ങിയാണ് മീൻ പിടിക്കുന്നത്. പലപ്പോഴും ഇന്ധന ചെലവ് പോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസൽ വർധന മൂലം ഉണ്ടായികൊണ്ടിരിക്കുന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞതിന് ശേഷം പലപ്പോഴായി കടൽ പ്രക്ഷുബ്ദമായതിനാലും, കാലാവസ്ഥ മുന്നറിയിപ്പ് മൂലവും ബോട്ടുകൾ മിക്കപ്പോഴും തീരത്ത് തന്നെ കെട്ടിയിടുകയായിരുന്നു.
ഇതോടെ ജില്ലയിലെ മത്സ്യ ബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്.ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും, ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽ മേഖല തേടുകയാണ്.ഇന്ധന വിലവർധനയും, മത്സ്യത്തിന് വില ലഭിക്കാത്തതും മൂലം പല ബോട്ടുടമകളും നഷ്ടം സഹിക്കാനാവാത്തതിനാൽ ബോട്ടുകൾ കടലിലിറക്കാൻ മടിക്കുകയാണ്.പൊന്നാനിയിലെ ഭൂരിഭാഗം ബോട്ടുകളും നഷ്ടം സഹിക്കാനാവാതെ കരയിൽ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.