വളാഞ്ചേരി: ദേശീയപാതയിൽ വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനുമിടയിലെ പാണ്ടികശാലയിൽ അപകടങ്ങൾ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അശാസ്ത്രീയമായി സ്ഥാപിച്ച ഹമ്പുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമര പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ.
വളാഞ്ചേരി മേഖലയിൽ അപകടങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച വട്ടപ്പാറ വളവിനേക്കാൾ അപകട പരമ്പര തീർക്കുകയാണ് പാണ്ടികശാലയിൽ. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഉണ്ടായ മൂന്നു അപകടങ്ങളിൽ എട്ടു വാഹനങ്ങളാണ് ഉൾപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിൽ കൊച്ചിയിൽ നിന്നും ദില്ലിയിലേക്ക് ടയർ കയറ്റി പോകുകയായിരുന്ന കണ്ടൈനർ ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും സമീപത്തെ വീടിനു മുകളിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടമാണ് തലനാരിഴക്ക് ഒഴിവായത്.
ബുധനാഴ്ച രാത്രിയിൽ മഹാദേവ ക്ഷേത്ര പരിസരത്തെ ഹമ്പുകൾക്കടുത്ത് എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി. ബസ് വേഗത കുറച്ചപ്പോൾ പിറകിലെത്തിയ അന്യസംസ്ഥാന ചരക്ക് ലോറി ബസ്സിനെ മറികടക്കാൻ ശ്രമിക്കവേ എതിരെ വന്ന പോലീസ് ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ഭീകരത വിളിച്ചോതുന്ന തരത്തിലാണ് അപകടമുണ്ടായത്. ഇറക്കത്തിലെ ഹമ്പുകൾക്കടുത്ത് വെച്ച് രണ്ട് കാറും ഒരു മിനിലോറിയും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽ പെട്ടത്. പരിക്ക് ഗുരുതരമല്ലെന്നതാണ് ആശ്വാസം. പക്ഷേ വാഹനങ്ങളാകട്ടെ പാടേ തകർന്നിട്ടുണ്ട്. ഒന്നര വർഷം മുൻപ് ഇതേ സ്ഥലത്ത് കന്നുകാലികളെ കയറ്റി വന്ന മിനി ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഒരു വശത്തേക്ക് കാലികൾ ചരിഞ്ഞതിനെ തുടർന്ന് മറിഞ്ഞു. ഇതിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. അന്നുതന്നെ ഹമ്പുകൾ നീക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇറക്കവും വളവുമുള്ള പ്രദേശത്ത് ചെറിയൊരു അങ്ങാടി ഉള്ളതിനാൽ കാൽനട യാത്രക്കാരെ വാഹനങ്ങളിടിക്കുന്നതിന് തുടർന്നതോടെയാണ് ഹമ്പുകൾ സ്ഥാപിക്കാൻ ഇടയാക്കിയത്. എന്നാൽ മുമ്പത്തേക്കാൾ അപകടങ്ങൾ വർദ്ധിക്കാൻ ഇത് കാരണമായി. അപകടങ്ങൾ നിത്യ സംഭവമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഹമ്പുകൾ പൂർണമായും നീക്കം ചെയ്യുകയോ ഉയരം കുറയ്ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ വളവുകളും ഹമ്പുകളും ഉള്ളതായി കാണിക്കുന്ന സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. ചൊവ്വാഴ്ച അപകടത്തിൽപ്പെട്ട കണ്ടൈനർ ലോറി നീക്കം ചെയ്യാനായി നാല് മണിക്കൂറാണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയത്. വളാഞ്ചേരി മുക്കിലപ്പീടികയിൽ നിന്നും പേരശ്ശന്നൂർ വഴി കുറ്റിപ്പുറത്തേക്ക് വാഹനങ്ങൾ തിരിച്ചുവിടുകയാണ് ചെയ്തത്. ഇത് ദീർഘദൂര യാത്രക്കാരെയും വലച്ചു. ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങൾ മൂലം ഈ ഭാഗത്ത് ഗതാഗത തടസ്സം നിത്യ സംഭവമാണ്. ഇതിനു ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.