മഞ്ചേരി: വേനൽ കനക്കുമ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കുടിവെള്ള ക്ഷാമം സങ്കീർണ്ണമാവുന്നു. പ്രധാന ജലസ്രോതസായ പുത്തൻകുളത്തിൽ നിന്നുള്ള പൈപ്പ് ലൈനിലുണ്ടായ തകരാർ രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്. താത്കാലികമായി വെള്ളം ലഭ്യമാക്കാൻ ആശുപത്രിയിലൊരുക്കിയ സംവിധാനങ്ങളും ലക്ഷ്യം കാണുന്നില്ല.
കിടത്തിചികിത്സയിലുള്ള രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്. ആശുപത്രിക്കടുത്തുള്ള വീടുകളിൽ നിന്നും പാത്രങ്ങളിൽ വെള്ളം ശേഖരിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. പ്രതിഷേധം കനത്തതോടെ ആതുരാലയ അധികൃതർ ഇടപെട്ട് താത്കാലിക ടാങ്ക് നിർമ്മിച്ചു. ടാങ്കറിൽ എത്തിക്കുന്ന വെള്ളം താത്കാലിക ടാങ്കിൽ നിറയ്ക്കും. പക്ഷേ, രോഗികളുടെ ദുരിതം പൂർണ്ണമായി പരിഹരിക്കാൻ ഇതുകൊണ്ടും ആയിട്ടില്ല. താത്കാലിക ടാങ്കിൽ നിന്നും പാത്രങ്ങളിൽ വെള്ളം ശേഖരിച്ചു എത്തിച്ച് വേണം മുകൾനിലകളിലുള്ള വാർഡുകളിലെ രോഗികൾക്കുപോലും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ.
വിവിധ സംഘടനകളും രോഗികളും നാട്ടുകാരുമെല്ലാം നിരന്തരം ഉയർത്തി പ്രതിഷേധത്തിനൊടുവിൽ താത്കാലിക ടാങ്കുകൾ മൂന്നാക്കി ഉയർത്തുകയാണ് ബന്ധപ്പെട്ട അധികൃതർ ചെയ്തത്. മെഡിക്കൽ കോളേജ് ആരംഭിച്ചതുമുതൽ എല്ലാ വേനലിലും അനുഭവപ്പെടുന്ന ഈ പ്രതിസന്ധി മറികടക്കാൻ അനിവാര്യമായ സ്ഥിരം സംവിധാനം വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലുള്ള പുത്തൻകുളത്തിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്കുള്ള ജല വിതരണം ഇടയ്ക്കിടെ തകരുന്ന നിലയാണ്. കാലപ്പഴക്കവും ആതുരാലയത്തിലേക്കു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ ശക്തി പൈപ്പു ലൈനിനു താങ്ങാനാവാത്തതുമാണ് ആവർത്തിച്ചുള്ള തകരാറുകൾക്ക് കാരണമാവുന്നത്. പൈപ്പു ലൈൻ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾക്ക് അധികൃതരുടെ ഭാഗത്തു നിന്നും ഫലപ്രദമായ നടപടികളുണ്ടാവുന്നില്ല.