kjkk
തിരൂരങ്ങാടി വലിയ ജൂമാമസ്ജിദ് മിനാരം പെയിന്റടിച്ച് വൃത്തിയാക്കുന്നു

തിരൂരങ്ങാടി: ഒരു മാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങുന്നു. നാടും പരിസരങ്ങളും വീടും പള്ളികളും വൃത്തിയാക്കാനും ശുചീകരിക്കാനും പുതുക്കാനും തുടങ്ങിക്കഴിഞ്ഞു. നനച്ചുകുളി എന്നാണിത് അറിയപ്പെടുന്നത്. ഒപ്പം മനസും ശരീരവും ശുദ്ധിയാക്കി പുണ്യത്തിന്റെ പൂക്കാലമായ റംസാൻ മാസത്തെ വരവേൽക്കാനുള്ള മുന്നൊരുക്കത്തിലാണ് വിശ്വാസികൾ .

പാതിരാത്രി വരെ നീണ്ടുനിൽക്കുന്ന നിസ്‌കാരവും അത്താഴ സമയത്ത് പള്ളികളിൽ കേൾക്കുന്ന ഖുർആൻ പാരായണവും ഇഫ്താർ സംഗമങ്ങളുമെല്ലാം റംസാനിന്റെ വിശേഷക്കാഴ്ചകളാണ്.

നോമ്പുതുറ കഴിഞ്ഞ ശേഷം ഭക്ഷണമൊരുക്കാനുള്ള സാമഗ്രികൾ തയ്യാറാക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. അരി, ഗോതമ്പ്, മുളക്, മല്ലി, വെളിച്ചെണ്ണയ്ക്ക് ആട്ടാനുള്ള തേങ്ങ മുതലായവ ഉണക്കി മില്ലിൽ കൊണ്ടുപോയി പൊടിച്ച് വീടുകളിൽ തയ്യാറായി കഴിഞ്ഞു. ഇത്തരം ജോലികളെല്ലാം മുമ്പത്തെ അപേക്ഷിച്ച് വീട്ടിലെ വലിയവരാണ് ചെയ്യുന്നത്. ഇപ്പോഴത്തെ മരുമക്കൾക്ക് ഇതേപ്പറ്റിയൊന്നും വലുതായി അറിയില്ലെന്ന് പഴമക്കാർ പറയുന്നു.

മഴക്കാലം ഇനിയും അകലെ ആയതിനാൽ ഈ പ്രാവശ്യം നല്ല ചൂടിലായിരിക്കും നോമ്പ് പിടുത്തം. സ്കൂൾ തുറക്കും മുമ്പായി യൂണിഫോമും പുതുവസ്ത്രവും വാങ്ങലും മറ്റുമായി തിരക്കുപിടിച്ച സമയമാണിത്. അതിനാൽ തന്നെ വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ്.

റമസാനിലെ അവസാനത്തെ പത്തിൽ റിലീഫ് പ്രവർത്തനങ്ങളും മറ്റു പരിപാടികളും എല്ലാ മഹല്ലുകൾ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിലും നടക്കും. സമൃദ്ധമായ ഭക്ഷണങ്ങളും വിവിധ ഇനം പലഹാരങ്ങളും സമ്പുഷ്ടമാക്കുന്ന ഇഫ്താർ വിരുന്ന് മതസൗഹാർദ്ദത്തിന്റെ വേദികളാകും.

എല്ലാ വീടുകളിലും നോമ്പ് തുറക്കുന്ന സമയങ്ങളിൽ പഴവർഗ്ഗങ്ങളും പലഹാരങ്ങളും അരിപ്പത്തിരിയും ഉണ്ടാവും. ഈ പ്രാവശ്യം റംസാൻ മുന്നിൽ കണ്ട് നല്ല ഇനം പഴവർഗങ്ങളുടെ വിപണിയും സജീവമായിട്ടുണ്ട്. പരിശുദ്ധ മാസത്തിന്റെ മുഴുവൻ പുണ്യവും നേടാൻ വിശ്വാസികൾ മനസ്‌കൊണ്ടും ശരീരംകൊണ്ടും ഒരിങ്ങിക്കഴിഞ്ഞു