kkk
പൊന്നാനി തെയ്യങ്ങാട് മുക്കിലെ പീടിക ചന്ദനപ്പാടത്ത് വിളവെടുപ്പ് നടത്തുന്ന തളിര് കാർഷിക കൂട്ടായ്മ പ്രവർത്തകർ

പൊന്നാനി: പച്ചക്കറിയിലും മത്സ്യക്കൃഷിയിലും നൂറ് മേനി വിളവെടുക്കുകയാണ് യുവാക്കളുടെ കൂട്ടായ്മ. പ്രളയവും കടുത്ത ചൂടും പ്രതികൂലമായെത്തിയെങ്കിലും കൃഷിയെ നെഞ്ചോട് ചേർത്ത യുവാക്കളുടെ കഠിനാദ്ധ്വാനത്തെ മണ്ണ് ചതിച്ചില്ല.

പൊന്നാനി തെയ്യങ്ങാട് മുക്കിലപ്പീടിക ചന്ദനപ്പാടത്ത് രണ്ടു പതിറ്റാണ്ടിലേറെ തരിശു കിടന്ന സ്ഥലത്ത് വിവിധ പച്ചക്കറികളും മത്സ്യക്കൃഷിയുമായി വിജയങ്ങൾ കൊയ്യുകയാണ് തളിര് കാർഷിക കൂട്ടായ്മ. രണ്ടു വർഷമായി തുടരുന്ന പച്ചക്കറിക്കൃഷി വലിയ വിജയമായി. കഴിഞ്ഞ വർഷം രണ്ടേക്കറിൽ വെണ്ട, തക്കാളി, വഴുതന, പടവലം, കയ്പ്പ, മത്തൻ, വെള്ളരി, കുമ്പളം തുടങ്ങിയവ കൃഷിയിറക്കി. നല്ല ലാഭവും കിട്ടി.

രാവിലെയും വൈകിട്ടും കൃഷിയിടത്തിലെത്തുന്ന സംഘം കൃഷി പരിപാലനവുമായി മുഴുകും.ഈ വർഷം പ്രതിസന്ധികൾക്കിടയിലും ഒരേക്കറിൽ വിവിധ പച്ചക്കറികൾ വിളയിച്ചെടുത്തു.

മത്സ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മത്സ്യക്കൃഷി പ്രളയത്തിനിടയിലും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോയി. കട്ല, രോഹു, വരാൽ എന്നിവയാണ് കൃഷിയിറക്കിയത്.നൂറു കിലോയോളം മത്സ്യമാണ് കൊയ്‌തെടുത്തത്. പൊന്നാനി കൃഷി ഓഫീസിന്റെയും മത്സ്യ വകുപ്പിന്റെയും വലിയ സഹകരണം കൃഷിക്കുണ്ടായതായി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന കർഷകസംഘം പൊന്നാനി ഏരിയ ട്രഷറർ വി.രമേശൻ പറഞ്ഞു. തളിര് കാർഷിക കൂട്ടായ്മയിലെ അംഗങ്ങളായ ഇ.എ.ശ്രീരാജ്, ഷംസു പുല്ലാട്ടിൽ, സുഭാഷ് ഫാൽക്കൺ, അനിൽ പുളിക്കകടവ് ,സതീഷ് പെരുമ്പുള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.