മലപ്പുറം: ജില്ലയിൽ ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ പകർച്ചവ്യാധി വ്യാപകമാവാനിടയാക്കുമെന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി ജില്ലാമെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംബറിൽ ആരോഗ്യ ബ്ലോക്കുകളിലെ മെഡിക്കൽ ഓഫീസർമാരുടെ ആരോഗ്യ ജാഗ്രതായോഗത്തിലാണ് തീരുമാനം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എല്ലായിടത്തും സമയബന്ധിതമായി പൂർത്തിയാക്കി വരുന്നതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.
പനിയെ അവഗണിക്കരുത്
ശക്തമായ തലവേദന, ച്ഛർദ്ദി എന്നീ പ്രാഥമിക ലക്ഷണങ്ങളോടു കൂടിയുള്ള പനി ജില്ലയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. തലച്ചോറിന്റെ പാടയെ(മെനിഞ്ചെറ്റിസ്) പെട്ടെന്ന് ബാധിക്കുന്ന പനിയാണിത്. മാനസിക നിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാനിടയുണ്ട്. അതിനാൽ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണം. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായും കൂടുതൽ വ്യാപിക്കുന്നതു തടയാനുള്ള നടപടികൾ സ്വീകരിച്ചതായും മെഡിക്കൽ ഓഫീസർ അറിയിച്ചു.
കൊതുകുകളെ കരുതുക
ഇടവിട്ട് പെയ്യുന്ന മഴയിൽ കൊതുക് വളർന്നേക്കാം. വെള്ളംകെട്ടി നിൽക്കാനിടയുള്ള സാഹചര്യമുള്ളിടത്ത് ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്നുറപ്പാക്കണം. ഒഴിഞ്ഞ പാത്രങ്ങൾ, ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ ഡെങ്കി പരത്തുന്ന കൊതുകുകളുടെ പ്രധാന ഉറവിടങ്ങളാണ്. ഇവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുക് വളരാൻ സാഹചര്യം സൃഷ്ടിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
സത്കാരങ്ങളിൽ ജാഗ്രത വേണം.
വിവാഹങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന വീടുകളിലും ഓഡിറ്റോറിയങ്ങളിലും ശുചിത്വം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. വിവാഹ സത്കാരങ്ങളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകാൻ കാറ്ററിംഗ് തൊഴിലാളികളും വീട്ടുകാരും ശ്രദ്ധിക്കണം. യാതൊരു കാരണവശാലും തിളപ്പിച്ച വെള്ളവും പച്ചവെള്ളവും കൂട്ടിക്കലർത്തരുത്. ചില പ്രദേശങ്ങളിൽ വിവാഹ സത്കാരങ്ങളിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ആശാപ്രവർത്തകരും വാർഡ് മെമ്പർമാരും തങ്ങളുടെ പ്രദേശത്ത് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹ സത്കാരങ്ങൾ നേരത്തെ തന്നെ കണ്ടെത്തി ഹെൽത്ത് ഇൻസ്‌പെക്ടർമാരെ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവാഹം റിപ്പോർട്ട് ചെയ്ത വീടുകൾ സന്ദർശിച്ച് ജാഗ്രത നിർദ്ദേശങ്ങൾ കൈമാറും.