എടക്കര: മുണ്ടേരി സീഡ്ഫാം ഗേറ്റ് മുതൽ തലപ്പാലി വരെയുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി. സീഡ് ഫാമിനകത്തു കൂടി കടന്ന് പോവുന്ന റോഡ് അഞ്ച് കിലോമീറ്ററോളം പൂർണ്ണമായും തകർന്നിട്ടുണ്ട്. തണ്ടൻകല്ല്, വാണിയംപുഴ, ഇരുട്ടുകുത്തി , തരിപ്പൻപൊട്ടി ,കുമ്പളപ്പാറ ആദിവാസി കോളനി നിവാസികളും സംസ്ഥാന സർക്കാരിന്റെ റബർ പ്ലാന്റേഷനിലെയും സീഡ് ഫാമിലെ തലപ്പാലി ഭാഗത്തുള്ള തൊഴിലാളികളും വാണിയംപുഴ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ആദിവാസികൾ ആശുപത്രിയിൽ പോകാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും ചെറുവാഹനങ്ങളെയാണ് ആശ്രയിക്കാറ്. റോഡിന്റെ അവസ്ഥ കാരണം മിക്ക വാഹനങ്ങളും വരാൻ മടിക്കുന്നു. വന്നാൽ തന്നെ അമിതചാർജ്ജ് ഈടാക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഗർഭിണികളെ ആശുപത്രിയിലെത്തിക്കാൻ പോലും പാടുപെടേണ്ട അവസ്ഥയാണ്. മഴക്കാലമായാൽ കാട്ടിലൂടെ ജീവൻ പണയം വച്ചാണ് യാത്ര . ആനശല്യവും വെള്ളപൊക്കവും കാറ്റും വലിയ അപകടഭീഷണിയാണ് ഇവിടെ ഉയർത്തുന്നത്. തലപ്പാലി ഭാഗത്ത് നിന്ന് ചാലിയാർ പുഴയ്ക്ക് കുറുകെ തൂക്കുപാലം കടന്ന് മൂന്ന് കിലോമീറ്റർ കൊടുംവനത്തിലൂടെ സഞ്ചരിച്ചാലെ കമ്പളപ്പാറ കോളനിയിലേയ്ക്കും മറ്റും എത്താനാവൂ. ഈ പ്രശ്നങ്ങളെല്ലാം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നു
മുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.