election-2019

മലപ്പുറം: സി.പി.ഐ മന്ത്രിമാർക്ക് നിയമം ലംഘിച്ച് പി.വി. അൻവർ എം.എൽ.എയെ സഹായിക്കാനാവില്ലെന്ന് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. സി.പി.ഐ തന്നെ പരമാവധി ഉപദ്രവിച്ചെന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നുമുള്ള പൊന്നാനി ലോക്‌സഭയിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.

നിയമങ്ങൾക്ക് വിധേയമായും എൽ.ഡി.എഫിന്റെ നിലപാടുകൾക്കനുസരിച്ചുമാണ് സി.പി.ഐ മന്ത്രിമാർ പ്രവർത്തിക്കുന്നത്. അവരിൽ നിന്ന് അനർഹമായ ആനുകൂല്യം കൈപ്പറ്റാമെന്ന മോഹം ആർക്കും വേണ്ട. അൻവർ പരാതി ആദ്യം പറയേണ്ടത് സ്ഥാനാർത്ഥിയാക്കിയ സി.പി.എമ്മിനോടാണ്. അൻവറിന്റെ തുടരെയുള്ള പ്രസ്താവനകൾ എൽ.ഡി.എഫ് പ്രവർത്തകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. അൻവറിന്റെ സി.പി.ഐക്കെതിരെയുള്ള പ്രസ്താവനകൾ സി.പി.എം നിലപാടാണെന്നു കരുതുന്നില്ല. സി.പി.ഐ ഏതെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി സഹകരിക്കാതിരുന്നിട്ടില്ല. 2016ൽ നിലമ്പൂരിലെ അൻവറിന്റെ വലിയ വിജയം സി.പി.ഐ ഉൾപ്പെടുന്ന എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായാണ്. മലപ്പുറത്ത് സി.പി.ഐക്ക് മുസ്ളിംലീഗിനോടാണ് താത്പര്യമെന്ന അൻവറിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നെന്നും കൃഷ്ണദാസ് പറഞ്ഞു.