മലപ്പുറം: മുസ്ളിംലീഗിനെതിരായ കള്ളവോട്ട് ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ആരോപണ വിധേയനായയാൾ രണ്ട് വോട്ട് ചെയ്തിട്ടുണ്ടോ, അവിടത്തെ യു.ഡി.എഫ് - എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാരുടെയും പ്രിസൈഡിംഗ് ഓഫീസറുടെയും നിലപാട് എന്തായിരുന്നു, ലീഗുമായി ഇയാൾക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്ന് മജീദ് പറഞ്ഞു.
കള്ളവോട്ടിനെ ന്യായീകരിക്കുന്ന സി.പി.എം നിലപാടല്ല ലീഗിന്റേത്. ജനാധിപത്യത്തെ മറികടക്കുന്ന ഒരു നിലപാടിനോടും ലീഗിന് യോജിപ്പില്ല. കള്ളവോട്ടെങ്കിൽ നിയമാനുസൃത നടപടികളുണ്ടാവണം. ഗുരുതര ആരോപണങ്ങളും അസ്വാഭാവിക വോട്ട് നിലയുമുള്ളയിടങ്ങളിൽ റീപോളിംഗ് വേണോയെന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കട്ടെ. റീ പോളിംഗ് വേണമെന്നാണ് തീരുമാനമെങ്കിൽ ലീഗ് അതിനെതിരല്ലെന്നും മജീദ് പറഞ്ഞു.
കാസർകോട്ടെ ഉദുമയിലും കണ്ണൂരിലെ കല്യാശേരിയിലുമാണ് എൽ.ഡി.എഫ് ലീഗിനെതിരെ കള്ളവോട്ട് ആരോപണം ഉയർത്തിയത്. ഉദുമയിലെ കല്ലിങ്കൽ ജി.യു.പി സ്‌കൂളിലേത് കള്ളവോട്ടല്ലെന്ന് വ്യക്തമായതായി മജീദ് പറഞ്ഞു. ഐ.ഡി കാർഡിന്റെ ഫോട്ടോ കോപ്പിയുമായെത്തിയ സ്ത്രീയെ ഇരുമുന്നണിയിലെയും ബൂത്ത് ഏജന്റുമാർ വോട്ട് ചെയ്യാൻ അനുവദിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസർ തടസവാദമുന്നയിച്ചതോടെ ചെറിയ ബഹളമുണ്ടായി. പിന്നീട് ഒറിജിനൽ കാർഡ് കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്തിയെന്നും മജീദ് പറഞ്ഞു.