banana-tree-destroyed

മലപ്പുറം: കൊടിയ വരൾച്ചമൂലം വ്യാപകമായുണ്ടായ കൃഷിനാശത്തിനു പിന്നാലെ വീശിയടിച്ച കാറ്റിനൊപ്പമെത്തിയ വേനൽമഴയും പലയിടങ്ങളിലും വലിയ തോതിൽ കൃഷിനാശമുണ്ടാക്കി. ഓണം മുന്നിൽക്കണ്ട് കൃഷി ചെയ്തവരുടെ സ്വപ്നങ്ങളാണ് കാറ്റ് കൊണ്ടുപോയത്. വരൾച്ചയിലും വേനൽമഴയിലുമായി സംസ്ഥാനത്തുണ്ടായത് 108.04 കോടിയുടെ കൃഷി നാശം. 2,947 ഹെക്ടറിലെ കൃഷി നശിച്ചു.

വരൾച്ചയിൽ 1,899 ഹെക്ടറിലായി 44.61 കോടിയുടെയും വേനൽമഴയിൽ 1,048 ഹെക്ടറിലായി 63.43 കോടിയുടെയും നഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. 13,638 കർഷകർ കടക്കെണിയിലായി. നാമമാത്രമായ തുകയേ സർക്കാരിന്റെ നഷ്ടപരിഹാരമായി ലഭിക്കൂ. വരൾച്ചയിൽ കൃഷി നശിച്ചവർക്ക് 4.18 കോടിയാണ് കൃഷിവകുപ്പ് അനുവദിക്കുക. വേനൽമഴയിലെ നഷ്ടക്കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഭൂരിഭാഗം കർഷകരും വിളകൾ ഇൻഷ്വർ ചെയ്യാറില്ലെന്നതിനാൽ വലിയ നഷ്ടം നേരിടും. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർക്ക് തിരിച്ചടയ്ക്കാൻ മാർഗമില്ലാതായി.

ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം,​ കൊല്ലം,​ പത്തനംതിട്ട,​ ഇടുക്കി,​ കാസർകോട് ജില്ലകളിലാണ് വരൾച്ച കൃഷിയെ ബാധിച്ചത്. വേനൽമഴയും ഈ ജില്ലകളിൽ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം,​ കോട്ടയം ജില്ലകളെ വേനൽ മഴയാണ് പിടിച്ചുകുലുക്കിയത്.

വലിയ നാശം വാഴക്കർഷകർക്ക്

നെല്ല്, വാഴ കർഷകർക്കാണ് വലിയ തിരിച്ചടിയേറ്റത്. വരൾച്ചയിൽ 71 ഹെക്ടറിലായി 1.76 ലക്ഷം വാഴകളും വേനൽമഴയിലും കാറ്റിലും 431 ഹെക്ടറിലായി 10.78 ലക്ഷം വാഴകളും ഒടിഞ്ഞുതൂങ്ങി. ഒരു വാഴയ്ക്ക് 150 രൂപയിലധികം ഉത്പാദനച്ചെലവ് വരും. മൂപ്പെത്താത്ത കുലകൾ ഉപേക്ഷിക്കുകയല്ലാതെ മാർഗമില്ല. 43.15 കോടിയാണ് നഷ്ടം.

1,776 ഹെക്ടറിലെ നെൽക്കൃഷി ഉണങ്ങിയപ്പോൾ 33.56 കോടിയുടെ നഷ്ടമുണ്ടായി. 2.39 കോടി രൂപയേ നഷ്ടപരിഹാരം ലഭിക്കൂ. രണ്ടാംവിളയിറക്കിയശേഷം മഴയുടെ കുറവും ജലസ്രോതസുകൾ വറ്റിയതും സ്ഥിതി വഷളാക്കി. വേനൽമഴയിൽ 322 ഹെക്ടറിലായി ആറ് കോടിയുടെ നഷ്ടമുണ്ടായി. ഒരു ഹെക്ടറിലെ കൃഷിക്ക് 50,000 രൂപയിലധികം ചെലവാകും. 102 ഹെക്ടറിലെ പച്ചക്കറിക്കൃഷിയും ഇല്ലാതായി. നാല് കോടിയാണ് നഷ്ടം. വരൾച്ച മുന്നിൽക്കണ്ട് പലരും പച്ചക്കറിക്കൃഷിയിൽ നിന്ന് പിൻവാങ്ങിയിരുന്നു.

വരൾച്ചയിലെയും വേനൽമഴയിലെയും നഷ്ടം

ജില്ലയിൽ നശിച്ചത് (ഹെക്ടറിൽ) നാശനഷ്ടം (ലക്ഷത്തിൽ)
ആലപ്പുഴ 577 - 1,403

തൃശൂർ 949 - 5,288
പാലക്കാട് 521 - 1,788
മലപ്പുറം 351 - 1,695
കൊല്ലം 107 - 510

കാസർകോട് 31 - 167
ഇടുക്കി 38 - 297

പത്തനംതിട്ട 55 - 364

കോട്ടയം 149 - 951

എറണാകുളം 155 - 1,188