പാലക്കാട്: വ്യാജ നമ്പർ പ്ലേറ്റുമായി വിലസുന്ന വാഹനങ്ങളെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ സർജിക്കൽ സ്ട്രൈക്ക്. നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനിമുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധം. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഇന്നലെ മുതലാണ് നിർബന്ധമാക്കിയത്.
കേന്ദ്ര നിർദ്ദേശത്തോടെയാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്. ഇതുപ്രകാരം ആദ്യം പുതിയ വാഹനങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഘട്ടം ഘട്ടമായി പഴയ വാഹനങ്ങളിലും ഘടിപ്പിച്ചു തുടങ്ങും. വാഹന നിർമ്മാതാക്കൾക്കും വിതരണക്കാർക്കുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നൽകുന്നതിനുള്ള ചുമതല.
* നമ്പർ പ്ലേറ്റിന്റെ പ്രത്യേകതകൾ
എച്ച്.എസ്.ആർ.പി പ്രകാരം വാഹനത്തിന് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റുകളുണ്ടാകും. അഴിച്ചുമാറ്റാൻ ശ്രമിച്ചാൽ പൊളിഞ്ഞുപോകുന്ന തരത്തിലുള്ളതാകും ഇത്. അലുമിനിയം നമ്പർ പ്ലേറ്റിൽ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങൾ എഴുതിയാണ് പ്ലേറ്റുകൾ തയാറാക്കുക.
ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡ് നൽകും. വാഹനത്തിന്റെ രജിസ്‌ട്രേഷൻ അടക്കമുള്ള വിവരം ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോർ വാഹന വകുപ്പ് ഈ വിവരങ്ങൾ സൂക്ഷിക്കും. രജിസ്‌ട്രേഷൻ നമ്പർ, എൻജിൻ, ഷാസി നമ്പറുകൾ രേഖപ്പെടുത്തിയ സ്റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ പതിക്കും. ഇത് മാറ്റം വരുത്താൻ സാധിക്കില്ല. ഗ്ലാസ് മാറ്റേണ്ടി വന്നാൽ പുതിയ സ്റ്റിക്കറിന് അംഗീകൃത സർവീസ് സെന്ററിനെ സമീപിക്കണം. വാഹനത്തിന്റെ ഒറിജിനൽ രേഖ ഹാജരാക്കിയാലേ നമ്പർ പ്ലേറ്റ് ലഭിക്കൂ. സാധാരണ ഘടിപ്പിക്കാറുള്ള സ്‌ക്രൂവിന് പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന റിവെറ്റ് തറച്ചാണ് നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക.
* ഹോളോഗ്രാം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ്. പ്ലേറ്റുകൾ ഘടിപ്പിക്കുന്നതിനുള്ള ചെലവ് വാഹന ഉടമ വഹിക്കണം. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും മോഷണമടക്കമുള്ള കാര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും കഴിയും.
ടി.സി.വിനീഷ്, ആർ.ടി.ഒ, പാലക്കാട്