ചെർപ്പുളശ്ശേരി: പാലക്കാട്ടെ സ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ പ്രചരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ വെള്ളിനേഴി പഞ്ചായത്തിലെ ഇടതുമുന്നണിയിൽ ഉടലെടുത്ത ചേരിപ്പോര് മറനീക്കി പുറത്തേക്ക്. എം.ബി.രാജേഷിനുവേണ്ടി സി.പി.എമ്മും, സി.പി.ഐയും വെവ്വേറെയാണ് പ്രചരണ രംഗത്തുള്ളത്.
വെള്ളിനേഴിയിൽ ഇരുപാർട്ടികളും തമ്മിലുള്ള പ്രാദേശിക പ്രശ്‌നങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ ഷൊർണൂരിൽ എൽ.ഡി.എഫ് യോഗം വിളിച്ചു ചേർത്തിരുന്നു. എങ്കിലും വെള്ളിനേഴിയിലെ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വെള്ളിനേഴിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചുചേർത്തത്. കൺവെൻഷൻ ഇടതുമുന്നണിയുടെ പേരിൽ വിളിക്കാൻ സി.പി.എം തയ്യാറായില്ലെന്ന് സി.പി.ഐ നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ വെള്ളിനേഴി കുറുവട്ടൂരിൽ സി.പി.ഐ ഞായറാഴ്ച പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർത്തു.
കുറുവട്ടൂർ ലക്ഷംവീട് കോളനി പരിസരത്താണ് സി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക കൺവെൻഷൻ വിളിച്ചു ചേർത്തത്. എൽ.ഡി.എഫ് ഷൊർണൂർ മണ്ഡലം കമ്മിറ്റി ചെയർമാനും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ഒ.കെ.സൈതലവിയാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്.
സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ആലുംകുണ്ട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.ഗോപാലകൃഷ്ണൻ, എ.നാരായണൻ, എ.ശങ്കരനാരായണൻ, ശിവദാസ് കുറുവട്ടൂർ, രവിമേനോൻ, വി.പി.ഉണ്ണികൃഷ്ണൻ, വി.സരോജിനി എന്നിവർ സംസാരിച്ചു. അതേസമയം പ്രാദേശികമായി ഭിന്നതയുണ്ടെങ്കിലും രണ്ടു കൂട്ടരും എം.ബി.രാജേഷിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത് നേതൃത്വത്തിന് ആശ്വാസം പകരുന്നു.