പാലക്കാട്: ജില്ലയിലെ കൊയ്ത്ത് പൂർത്തിയാകുന്നതോടെ വൈക്കോലിന് വിലയിടിയുന്നു. ഇത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ ഒരു ഏക്കർ നിലം കൊയ്യമ്പോൾ വൈക്കോലിന് 10,000 രൂപവരെ ലഭിച്ചിരുന്നു. എന്നാൽ, കൊയ്ത്ത് 25 ശതമാനമായപ്പോൾ അത് 5000 രൂപയായി. കൊയ്ത്ത് വ്യാപകമാകുന്നതിനനുസരിച്ച് വൈക്കോൽ വില കുത്തനെ കുറയുകയാണെന്നാണ് കർഷകർ പറയുന്നത്.
നെല്ലിനൊപ്പം വൈക്കോലിന്റെയും വില കൂടി കിട്ടിയാൽ മാത്രമേ നിലവിൽ കർഷകർക്ക് നെല്ലിന്റെ ഉത്പാദന ചെലവ് ലഭിക്കു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കിഴക്കൻ മേഖലയിൽ കൊയ്ത്ത് ഏകദേശം പൂർത്തിയായതോടെയാണ് വൈയ്ക്കലിന്റെ ലഭ്യത കൂടിയത്. ഇത് വിലയിടിയാൻ കാരണമായി. ചിറ്റൂർ മേഖലയിലെ വൈക്കോൽ കൊണ്ടപോകുന്നത് തമിഴ്‌നാട്ടിൽ ചാവടിപേരൂർ, പോത്തനൂർ, കിണത്തുക്കടവ്, ഗോവിന്ദനൂർ, പിച്ചനൂർ എന്നിവിടങ്ങളിലേക്കാണ്. അവിടെ ഒരു ട്രാക്ടർ വൈക്കോലിന് 12,000 മുതൽ 14,000 വരെയാണ് വില. ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് മെഷീൻകെട്ട് വൈക്കോലാണ് കയറ്റിപോകുന്നത്. ഒരു കെട്ട് വൈക്കോലിന് 250 വരെ തന്നിരുന്നു. ഇപ്പോൾ അത് 100 രൂപയാക്കി. നിലമൊരുക്കൽ, നെല്ലുണക്കൽ, കൊയ്ത്തുകൂലി ഇവയെല്ലാം വൈക്കോൽ വിൽക്കുന്ന തുകകൊണ്ടാണ് നടത്തിയിരുന്നതെന്ന് കർഷകർ പറഞ്ഞു. ഇപ്പോൾ ഉയരം കൂടിയതും കൂടുതൽ ചിനപ്പുള്ളതുമായ പൊന്മണിയുടെ വൈക്കോലിന് 2000 മുതൽ 2500 വരെയും ഉമ, ജ്യോതി എന്നിവയുടെ വൈക്കോലിന് 1000 മുതൽ 1500 രൂപ വരെയുമാണ് കച്ചവടക്കാർ വില നിശ്ചയിച്ചിരിക്കുന്നത്.
വില ലഭിക്കാതായതോടെ വയലുകളിൽ വൈക്കോൽ കുന്നുകൂടിക്കിടക്കുകയാണ്. മുമ്പെല്ലാം കൊയ്യുന്നതിന് മുമ്പ് വൈക്കോലിന് മുൻകൂർ പണം തന്നിരുന്നവർ വൈക്കോലെടുക്കാതെ വില പേശുന്നതായും കർഷകർ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ മിൽമയുടെ കാലിത്തീറ്റ ഫാക്ടറി വഴിയോ ക്ഷീരോത്പാദക സംഘങ്ങളിലൂടെയോ പേപ്പർമില്ലുകൾ വഴിയോ വൈക്കോലെടുക്കാൻ സംവിധാനമുണ്ടാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.