പാലക്കാട്: ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് മാലിന്യം നീക്കുന്നതിനുള്ള തടസം കൊടുമ്പ് പഞ്ചായത്തുമായി ചർച്ചചെയ്ത് പരിഹരിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
2015ൽ പഞ്ചായത്തുമായി ഉണ്ടാക്കിയ വ്യവസ്ഥകളിൽ ഇതുവരെ ചെയ്തു തീർത്തവയും ഇനി ചെയ്യാനുള്ളതും വ്യവസ്ഥകളിൽ പെടാതെ ചെയ്തതുമായ കാര്യങ്ങൾ പഞ്ചായത്തിനെ രേഖാമൂലം അറിയിക്കും. തുടർപ്രവർത്തനങ്ങൾക്ക് പഞ്ചായത്തിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തി മോണിറ്ററിങ് സമിതി രൂപീകരിക്കും. ഇക്കാര്യങ്ങളിൽ പരസ്പര ധാരണയിലെത്താൻ സർവകക്ഷിയോഗം വിളിക്കും.
എന്നാൽ, 45 ദിവസത്തോളമായി നഗരത്തിലെ മാലിന്യ നീക്കം നിലച്ചതിനു കാരണം ഭരണപരാജയമാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും ഈ ഭരണസമിതിയുമായി സഹകരിക്കാൻ ആവില്ലെന്നും പറഞ്ഞ് യു.ഡി.എഫ് ചേമ്പറിനു മുന്നിൽ സമരം നടത്തി. തുടർന്ന് കൗൺസിൽ നിർത്തിവെച്ച് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയാണ് പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കാനുള്ള തീരുമാനത്തിലെത്തിയത്. പിന്നീട് വീണ്ടും കൗൺസിൽ ചേർന്നപ്പോൾ ഭരണപക്ഷ വീഴ്ച ആരോപിച്ച് യു.ഡി.എഫ്. ബഹിഷ്‌കരിച്ചു. അതേസമയം മാലിന്യനീക്ക വിഷയം പരിഹരിക്കാൻ പൂർണ പിന്തുണ നൽകുമെന്ന് സി.പി.എം നിലപാടെടുത്തു.
നാളിതുവരെ വിഷയത്തിൽ സ്വീകരിച്ച നടപടികൾ ചെയർപേഴ്‌സൺ യോഗത്തെ അറിയിച്ചു. ജില്ലാ ഭരണകൂടം വിളിച്ച യോഗങ്ങളിൽ പോലും കൊടുമ്പ് പഞ്ചായത്ത് നിസഹകരണം കാണിച്ചത് ചൂണ്ടിക്കാട്ടപ്പെട്ടു. എം.പി.യെയും എം.എൽ.എ.യെയും ഫോണിൽ വിളിച്ചെങ്കിലും എം.പി മാത്രമാണ് പ്രതികരിച്ചതെന്ന ചെയർപേഴ്‌സന്റെ പരാമർശം യു.ഡി.എഫിനെ ചൊടിപ്പിച്ചു. വ്യവസ്ഥകൾ പ്രകാരം 75 ശതമാനം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.