പാലക്കാട്: ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് തെല്ലൊരു ആശ്വാസമായി മലമ്പുഴ ഡാം ഇന്നലെ തുറന്നു. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾക്ക് വേണ്ടിയാണ് ഡാം തുറന്നത്. നിലവിൽ ഒരു ഷട്ടറിൽ നിന്ന് 100 ക്യു സെക്‌സ് വെള്ളമാണ് നാലുദിവസത്തേക്ക് തുറന്നിരിക്കുന്നത്. ഭാരതപ്പുഴയിൽ നിന്ന് മിനിമം അഞ്ചു ദിവസമെങ്കിലുമെടുക്കും വെള്ളം ഷൊർണൂരിലെത്താൻ. കൽപാത്തി പുഴ വഴി ഇന്നലെ രാവിലെ എട്ടുമുതൽ ജലം വിതണം തുടങ്ങി. ഡാം തുറന്നതോടെ മലമ്പുഴ, മുക്കൈ, കൽപാത്തപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പത്മകുമാർ അറിയിച്ചു.
നിലവിൽ കിഴക്കൻ മേഖല ഉൾപ്പടെയുള്ള ജില്ലയിലെ പലഭാഗത്തും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്ന സ്ഥിതിയാണ്. കുഴികുത്തിയും അമിതവില കൊടുത്ത് കുപ്പിവെള്ളം വാങ്ങിയുമാണ് ജനങ്ങൾ ദാഹം അകറ്റുന്നത്. ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്ന അവസ്ഥയിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലെ സ്ഥിതി ഇതിലും മോശമാകും.
-ഇന്നലത്തെ ഡാമിലെ ജലനിരപ്പ് -102.26 മീറ്റർ
-കഴിഞ്ഞ വർഷം ഇതേസമയം -102.75 മീറ്റർ
-പരമാവധി ജലസംഭരണ ശേഷി - 115.06 മീറ്റർ
* കഴിഞ്ഞ വർഷത്തെക്കാൾ ജലനിരപ്പ് കുറഞ്ഞു
ഇത്തവണ ജില്ലയിലെ രണ്ടാംവിള നെൽകൃഷിക്കായി 101 ദിവസമാണ് അധികമായി ജലം തുറന്നുവിട്ടത്. കൂടാതെ കഠിനമായി ചൂടും ഡാമിന്റെ ജലനിരപ്പ് കുറയാൻ കാരണമായി. കഴിഞ്ഞ വർഷം ഒരു മാസം രണ്ടു എം.എം ക്യൂബ് ജലം കുടിവെള്ളത്തിനായി വിനിയോഗിച്ചിടത്ത് ഇത്തവണ അത് മൂന്നര എം.എം ക്യൂബായി വർദ്ധിച്ചിട്ടുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് ജനങ്ങൾ അമിതമായി ജലം ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.
സിദ്ധിഖ്, എ.ഇ മലമ്പുഴ ഡാം.
* മാർച്ചിൽ 41 ഡിഗ്രിയിൽ ചുട്ടുപൊള്ളിയത് അഞ്ചു ദിവസം
കഴിഞ്ഞ മാസം അഞ്ചു ദിവസമാണ് ജില്ല 41 ഡിഗ്രി താപനിലയിൽ വെന്തുരുകിയത്, 15, 25 മുതൽ 28 വരെയുള്ള തിയ്യതികളിൽ. കൂടാതെ 40 ഡിഗ്രിയിൽ ഉരുകിയത് 13 ദിവസവും. രണ്ട്, മൂന്ന്, 12 മുതൽ 14, 16 മുതൽ 18, 22 മുതൽ 24, 30, 31 തുടങ്ങിയ ദിവസങ്ങളിൽ 40 ഡിഗ്രിയിൽ ജില്ല തിളച്ചുമറിഞ്ഞു. വരും ദിസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.